കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. കാണാതായി 37 മണിക്കൂറിനു ശേഷം ചെന്നൈയിൽ നിന്ന് ഗുവഹാത്തിക്കുള്ള യാത്രക്കിടെ വിശാഖ പട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് ചെന്നൈ - ഗുവഹാത്തി താമ്പരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ മലയാളി സമാജം പ്രവർത്തകർ കണ്ടെത്തിയത്. 36 മണിക്കൂർ ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതയാണെന്നും ആശുപത്രിയിൽ എത്തിക്കാനായി കുട്ടിയെ ആർപിഎഫിന് കൈമാറിയെന്നും പോലീസ് അറിയിച്ചു. ബെർത്തിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു കുട്ടി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് അവരറിയിച്ചു . തിരുവനന്തപുരത്തു നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ടോടെ കന്യാകുമാരിയിലെത്തിയ തസ്മിദ് അവിടെ നിന്നു വൈകിട്ടുള്ള ട്രെയിനില്‍ ചെന്നൈയിലേക്ക് ട്രെയിനിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയെന്നാണ് സംശയം.
തസ്മിദ് കന്യാകുമാരിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത് അറിഞ്ഞ കേരളാ പോലീസ് അവിടേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി ഗുവാഹത്തിക്കുള്ള ട്രെയിനില്‍ കയറിയതായി സംശയം ഉണ്ടാകുന്നത് . ചെന്നൈയിലേക്കു തിരിച്ച പോലീസ് സംഘം മറ്റൊരു ട്രെയിനില്‍ ഉടന്‍ ഗുവാഹത്തിക്കു തിരിക്കും.
അതേസമയം കേരളത്തില്‍ നിന്ന് മറ്റൊരു പോലീസ് സംഘത്തെ വിമാനമാര്‍ഗം ഉടന്‍ ഗുവാഹത്തിക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. കന്യാകുമാരി, നാഗര്‍കോവില്‍ ജങ്ഷന്‍, ചെന്നൈ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നാണ് അന്വേഷണ സംഘത്തിനു ദൃശ്യങ്ങള്‍ ലഭിച്ചത്.
നാഗര്‍കോവില്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി കുപ്പിയില്‍ വെള്ളം ശേഖരിച്ച് തിരിച്ച് തസ്മിദ് ട്രെയിനില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉച്ചതിരിഞ്ഞ് മൂന്നോടെയാണിത്. പിന്നീട് ചെന്നൈയ്ക്കുള്ള ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ കന്യാകുമാരി സ്‌റ്റേഷനില്‍ നിന്നും ലഭിച്ചു.
കഴക്കൂട്ടത്തുനിന്ന് ഇന്നലെ രാവിലെ 9.30ന് വീടുവിട്ടിറങ്ങിയ കുട്ടിയ്ക്കായി തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുട്ടി ഇന്നലെ രാത്രിയോടെ കന്യാകുമാരിയിലെത്തിയെന്ന നിഗമനത്തില്‍ കേരള പോലീസ് സംഘം ഇന്ന് രാവിലെ ഏഴോടെ ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് രാവിലെ 5.30ന് കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് കേരള, തമിഴ്‌നാട് പോലീസ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ കുട്ടി ഇവിടെ എത്തിയതായി സ്ഥിരീകരിക്കാന്‍ തക്കതായ തെളിവ് ലഭിച്ചില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. കന്യാകുമാരി സ്റ്റേഷനിലെ സി സി ടിവിയിലും കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. പ്രദേശവാസികളെയും വ്യാപാരികളെയും കുട്ടിയുടെ ഫോട്ടോ കാണിച്ചും സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് തിരച്ചില്‍ നടത്തിയത്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്കു 2.10നു കന്യാകുമാരിയിലേക്കുള്ള ഐലന്‍ഡ് എക്സ്പ്രസില്‍ എത്തിയ കുട്ടിയെ പുലര്‍ച്ചെ കന്യാകുമാരിയില്‍ കണ്ടെന്നാണ് ദൃക്സാക്ഷി മൊഴി. ട്രെയിനില്‍ എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് നിര്‍ണായക ദൃശ്യങ്ങള്‍; കാണാതായ തസ്മിദ് പ്ലാറ്റ്ഫോമിലിറങ്ങി വെള്ളമെടുത്ത് തിരികെ ട്രെയിന്‍ കയറി
ട്രെയിനില്‍ ഒറ്റയ്ക്കിരുന്നു കരയുന്നതുകണ്ട കുട്ടിയോട് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ലെന്നും തുടര്‍ന്ന് ഫോട്ടോയെടുക്കുകയായിരുന്നുവെന്നുമാണ് ബബിത പറഞ്ഞത്. നെയ്യാറ്റിന്‍കരയില്‍വച്ചാണ് ഫോട്ടോയെടുത്തത്. കുട്ടിയെ കാണാതായെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഫോട്ടോ പോലീസിനു കൈമാറുകയായിരുന്നു. ഈ ചിത്രം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പോലീസ് കന്യാകുമാരിയിലേക്കു വ്യാപിപ്പിച്ചത്.
എന്നാല്‍, കുട്ടി കന്യാകുമാരിയില്‍ എത്തിയതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പാറശാലയ്ക്കും കന്യാകുമാരിക്കുമിടയില്‍ പരിശോധന ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനിടെയാണ് കുട്ടി നാഗര്‍കോവില്‍ സ്റ്റേഷനില്‍ ഇറങ്ങിയോയെന്നും പോലീസ് പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഒരു സിസിടിവി ദൃശ്യത്തില്‍ കുട്ടി ട്രെയിനില്‍ നിന്നറങ്ങി പ്ലാറ്റ്ഫോമിലെ പൈപ്പില്‍ നിന്നു കുപ്പിയില്‍ വെള്ളം ശേഖരിച്ച് തിരികെ ട്രെയിനില്‍ കയറുന്നതായി കാണുന്നത്.
അതേസമയം, കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മന്ത്രി വി ശിവന്‍കുട്ടി കുടുംബത്തെ സന്ദര്‍ശിച്ചു. പന്ത്രണ്ട് മണിയോടെയാണ് മന്ത്രിയും സംഘവും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടത്. സാധ്യമായ എല്ലാതരത്തിലും തിരച്ചില്‍ നടത്തുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.