ശനിയാഴ്ച കമ്പം ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ പിടികൂടാൻ തമിഴ്‌നാട് വനംവകുപ്പ് ദൗത്യം ആരംഭിച്ചു. മയക്കുവെടി വച്ച് പിടികൂടാനാണ് നീക്കം. ഇന്നലെ കുങ്കിയാനകളെ ഉള്‍പ്പെടെ എത്തിക്കാൻ വൈകിയതിനാലാണ് ദൗത്യം ഇന്നത്തേക്ക് മാറ്റിയത്. ആനമല ടോപ്പ് സ്ലിപ്പില്‍ നിന്നാണ് രണ്ട് കുങ്കിയാനകളെ എത്തിച്ചത്.
ദൗത്യസംഘം അരിക്കൊമ്പനെ ട്രാക്ക് ചെയ്തു. കമ്പത്ത് നിന്നും ഏഴ് കിലോമീറ്റര്‍ അകലെ ചുരുളിപ്പെട്ടിയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. മേഖലയിലെ കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും അരിക്കൊമ്പൻ തകർത്തിരുന്നു. പ്രദേശത്ത് മറ്റ് പ്രതിസന്ധികളൊന്നും ഇല്ലാത്തതിനാല്‍ വേഗത്തില്‍ തന്നെ മയക്കുവെടി വയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിടികൂടിയ ശേഷം പെരിയാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വെള്ളിമലയിലേക്കായിരിക്കും അരിക്കൊമ്പനെ മാറ്റുക.
ഇന്നലെ രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വാഹനങ്ങള്‍ നശിപ്പിച്ചതടക്കമം നിരവധി നാശനഷ്ടങ്ങള്‍ പരിസര പ്രദേശങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആനയെ കണ്ട ജനങ്ങൾ ബഹളം വച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് ഒടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആനയെ കണ്ട് വിരണ്ടോടുന്നതിനിടയില്‍ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കമ്പത്തും സമീപപ്രദേശങ്ങളിലും സര്‍ക്കാര്‍ ഇന്നലെ തന്നെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.
ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ 28 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജനവാസ മേഖലയിലിറങ്ങുന്നത്. ഏപ്രില്‍ 29നാണ് മയക്കുവെടിവെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം അരിക്കൊമ്പനെ ഇറക്കിവിട്ടത്. കൊണ്ടുപോയ വഴിയെ തന്നെയാണ് കൊമ്പന്റെ തിരിച്ചു വരവ്.