കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാർത്ഥിനി കയറിയിരുന്ന സംഭവത്തില്‍ വിശദീകരണവുമായി കോളേജ് അധികൃതർ. താത്കാലിക ഹാജര്‍ പട്ടികയില്‍ വീഴ്ച്ച പറ്റിയതാണെന്നും വകുപ്പ് മേധാവികളോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
രാവിലെ കുട്ടികള്‍ വൈകി വന്നപ്പോള്‍ താത്ക്കാലികമായി ഹാജര്‍ രേഖപ്പെടുത്തിയതാണെന്നും പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ തെറ്റ് സംഭവിച്ചത് മനസിലായെന്നുമായിരുന്നു വൈസ് പ്രിന്‍സിപ്പലിന്‍റ വിശദീകരണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
245 വിദ്യാര്‍ഥികളാണ് റെക്കോര്‍ഡ് പ്രകാരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ വാങ്ങിയത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ക്ലാസില്‍ കുട്ടികളെത്താന്‍ നേരം വൈകിയതിനെ തുടര്‍ന്ന് താത്കാലികമായി രേഖപ്പെടുത്തിയ ഹാജറിലാണ് യോഗ്യതയില്ലാത്ത കുട്ടിയുടെ പേര് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു സംഭവം നടക്കുന്നത്. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേർന്ന വിശദീകരണ യോഗം വിഷയം പരിശോധിക്കുകയും ഉടനെ അന്വഷണം പ്രഖ്യാപിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി എന്നവകാശപ്പെടുന്ന കുട്ടി പിന്നീട് മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നവംബര്‍ 29 നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനം ആരംഭിച്ചത്. മൊത്തം 245 കുട്ടികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇക്കൂട്ടത്തില്‍ പെടാത്ത കുട്ടിയാണ് 4 ദിവസം തുടര്‍ച്ചയായി ക്ലാസിനെത്തിയത്. തനിക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചുവെന്ന് വിദ്യാര്‍ത്ഥിനി കൂട്ടുകാര്‍ക്ക് വാട്സ് ആപ് മെസേജ് അയക്കുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം.യോഗ്യത നേടാത്ത കുട്ടി ക്ലാസിനെത്തിയതിലും ഹാജര്‍ പട്ടികയില്‍ ഇടം പിടിച്ചതിലും ദൂരൂഹത തുടരുകയാണ്. കുട്ടിക്ക് മറ്റാരുടെയെങ്കിലും സഹായം ഇല്ലാതെ ഇത്തരത്തില്‍ ക്ലാസില്‍ വരാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇന്‍സ്പെക്ടര്‍ ബെന്നി ലാലിനാണ് കേസിന്റെ അന്വേഷണ ചുമതല. കുട്ടിയുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.