കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. മുൻ എംപിയുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഫോൺ സംഭാഷണം ലഭിച്ചു. കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇ ഡി അറിയിച്ചു. അറസ്റ്റിലായ സതീഷ് കുമാർ പണം കൈമാറുന്നത് കണ്ടുവെന്ന് സാക്ഷികളുടെ മൊഴിയുണ്ട്. രണ്ടു കോടി നൽകുന്നത് കണ്ടുവെന്ന് കളക്ഷൻ ഏജന്റിന്റെ മൊഴിയുമുണ്ടെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. മൂന്ന് കോടി നൽകിയതായി മറ്റൊരു മൊഴിയുമുണ്ടന്നും ഇ ഡി വ്യക്തമാക്കി.
സെപ്തംബർ നാലിന് അറസ്റ്റിലായ തൃശൂർ കോലഴി അഞ്ജനം ഹൗസിൽ പി സതീഷ് കുമാർ, കൊടുങ്ങല്ലൂർ പെരിഞ്ഞനം പള്ളത്തുവീട്ടിൽ പി പി കിരൺ എന്നിവരെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ഹാജരാക്കിയപ്പോഴാണ് കോടതിയിൽ ഇ ഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതികളെ ഈ മാസം 19 വരെ സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിക്ക് പുറത്തുതാമസിക്കുന്ന വ്യക്തികൾക്ക് അംഗത്വം നൽകരുതെന്ന വ്യവസ്ഥ ലംഘിച്ച് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കൊടുങ്ങല്ലൂർ സ്വദേശിയായ കിരണിന് അംഗത്വം നൽകിയെന്നും ഇയാളുടെയും മറ്റ് 51 അംഗങ്ങളുടെയും പേരിൽ ഇയാൾക്ക് 24.56 കോടി രൂപ വായ്പ നൽകിയെന്നും ഇ ഡി നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മതിയായ ഈടുനൽകാതെയും ശരിയായ പരിശോധനകൾ നടത്താതെയുമാണ് വായ്പകൾ അനുവദിച്ചത്. കിരണിന് നൽകിയ വായ്പ പലിശയടക്കം 48.57 കോടി രൂപ വരും. ഈ തുക പല വ്യക്തികളുടെ അക്കൗണ്ടുകളിലേക്കും കിരണിന്റെ ബിസിനസ് സ്ഥാപനങ്ങളിലേക്കും പോയെന്ന് കണ്ടെത്തിയെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. കിരൺ വായ്പയെടുത്ത തുക നേരിട്ടും അല്ലാതെയും സതീഷ് കുമാറിനാണ് നൽകിയതെന്ന് കണ്ടെത്തി. 24.56 കോടി രൂപ വായ്പയെടുത്തതിൽ 14 കോടിയിലേറെ രൂപ സതീഷിന് നൽകിയെന്നും കിരൺ പറയുന്നു. എന്നാൽ കരുവന്നൂർ ബാങ്കിൽ നിന്ന് കിരൺ എടുത്ത തുകയിൽ 2.15 കോടി രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് സതീഷ് കുമാർ മൊഴി നൽകിയതെന്നുമാണ് ഇ ഡി നേരത്തെ കോടതിയെ അറിയിച്ചത്.