KERALA

റോസമ്മ പുന്നൂസ് മുതൽ എ രാജ വരെ; കോടതി തിരുത്തിയ ജനവിധികൾ

ഇരട്ട വോട്ട്, മതപരമായി വോട്ട് ചോദിക്കൽ, ക്രിമിനൽ കേസ്, വ്യക്തിഹത്യ നടത്തൽ അങ്ങനെ നിരവധി കാരണളാൽ എംഎൽഎമാർ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും കീഴ്ക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതാണ് ചരിത്രം

ദില്‍ന മധു

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന എതിർ സ്ഥാനാർഥിയുടെ പരാതി അംഗീകരിച്ചാണ് ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പരിവര്‍ത്തിത ക്രിസ്തു മതത്തില്‍പ്പെട്ടയാളാണ് രാജയെന്നും അതിനാല്‍ സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നുമാണ് കോടതി വിധി. 1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും കോടതി ഇടപെടല്‍ മൂലം ദേവികുളം മണ്ഡലത്തിന് എംഎല്‍എയെ നഷ്ടമായിരുന്നു. അന്ന് എംഎല്‍എ സ്ഥാനം നഷ്ടമായ റോസമ്മ പുന്നൂസ് ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് വിജയിച്ചതാണ് ചരിത്രം. കേരള നിയമസഭയില്‍ കോടതി ഇടപെടല്‍ മൂലം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ പലതുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയും നേടിയെടുത്തവരാണ്.

1957 ല്‍ കേരളാ നിയമസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗ മണ്ഡലമായിരുന്നു. പൊതു സീറ്റില്‍ സിപിഐയ്ക്ക് വേണ്ടി റോസമ്മ പുന്നൂസും കോണ്‍ഗ്രസിന് വേണ്ടി ബി കെ നായരും മത്സരത്തിനിറങ്ങി. എന്നാല്‍ ബി കെ നായരുടെ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. വോട്ടെടുപ്പില്‍ റോസമ്മ പുന്നൂസ്1922 വോട്ടിന്‌റെ ഭൂരിപക്ഷത്തിന് എന്‍ ഗണപതിയെ തോല്‍പ്പിച്ചു.

വരണാധികാരിയുടെ നടപടിക്കെതിരെ ബി കെ നായര്‍, കോട്ടയം തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിനെ സമീപിച്ചു. നാമനിര്‍ദേശ പത്രിക തള്ളിയ നടപടി ക്രമപ്രകാരമല്ലെന്നായിരുന്നു ട്രൈബ്യൂണലിന്‌റെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ട്രൈബ്യൂണല്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ആദ്യം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഉപതിരഞ്ഞെടുപ്പില്‍ ബി കെ നായരും റോസമ്മ പുന്നൂസും ഏറ്റുമുട്ടി. 7089 വോട്ടിന്‌റെ ഭൂരിപക്ഷത്തിന് വിജയിച്ച് റോസമ്മ പുന്നൂസ് നിയമസഭയിലെത്തി.

1957 ല്‍ ചാലക്കുടി പൊതുസീറ്റില്‍ വിജയിച്ച സി ജി ജനാര്‍ദനന്‌റെ തിരഞ്ഞെടുപ്പും ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നില്ല.

റോസമ്മ പുന്നൂസ്

കോടതി വിധിയിലൂടെ എംഎല്‍എ ആകുന്ന ആദ്യ വ്യക്തി കേരളത്തില്‍ വി ആര്‍ കൃഷ്ണയ്യരാണ്. 1960ല്‍ തലശേരിയില്‍ 23 വോട്ടിന് പരാജയപ്പെട്ട വിആര്‍ കൃഷ്ണയ്യര്‍ കോടതി വിധിയനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഏഴ് വോട്ടിന് വിജയിച്ചു.

1977 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ നിന്നുള്ള കെഎം മാണിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയിലായിരുന്നു നടപടി. തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയില്‍ നിന്ന് കെ എം മാണി രാജിവച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതിയില്‍ മാണിക്ക് അനുകൂലമായി. അദ്ദേഹം വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. മതാടിസ്ഥാനത്തില്‍ വോട്ട് തേടിയെന്ന കാരണം പറഞ്ഞാണ് 1977 ല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള സിഎച്ച് മുഹമ്മദ് കോയയുടെ തിരഞ്ഞെടുപ്പും ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്‌റെ അപ്പീലും സുപ്രീംകോടതി അനുവദിച്ചു.

കോടതി വിധിയിലൂടെ എംഎല്‍എ ആകുന്ന ആദ്യ വ്യക്തി കേരളത്തില്‍ വി ആര്‍ കൃഷ്ണയ്യരാണ്.

1982 ലെ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് പറവൂര്‍ മണ്ഡലം ശ്രദ്ധിക്കപ്പെട്ടത് സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കപ്പെട്ടു എന്നതിനാല്‍ കൂടിയാണ്. കോണ്‍ഗ്രസിലെ എ സി ജോസിനെ തോല്‍പ്പിച്ച് സിപിഐയിലെ എന്‍ ശിവന്‍ പിള്ള വിജയിച്ചു. 123 വോട്ടിനായിരുന്നു ആ ജയം. 50 പോളിങ് ബൂത്തുകളില്‍ ഇവിഎം ആണ് ഉപയോഗിച്ചത്. ഇവിഎം ചട്ടവിരുദ്ധമെന്ന് കാട്ടി എസി ജോസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അപ്പീല്‍ തള്ളിയെങ്കിലും ഇ വിഎം ഉപയോഗിച്ച 50 പോളിങ് സ്‌റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. 1984 ലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും വോട്ടെടുപ്പ് നടക്കുകയും എ സി ജോസ് വിജയിക്കുകയും ചെയ്തു.

എ സി ജോസ്

1987 ല്‍ മട്ടാഞ്ചേരി മണ്ഡലത്തില്‍ നിന്നുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എം ജെ സക്കറിയ സേട്ടിന്‌റെ ജയം ഹൈക്കോടതി അസാധുവാക്കിയെങ്കിലും ഈ വിധി പിന്നീട് സുപ്രീംകോടതി തള്ളി.

ഇരട്ട വോട്ടുകളുടെ പേരിലാണ് 1991 ല്‍ കോവളത്ത് വിജയിച്ച നീല ലോഹിതദാസന്‍ നാടാര്‍ക്ക് നിയമസഭാഗത്വം നഷ്ടമായത്. ജോര്‍ജ് മസ്‌ക്രീന്‍ ആയിരുന്നു കോവളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 21 വോട്ടിന് വജയിച്ച നീലനെതിരെ ജോര്‍ജ് കോടതിയെ സമീപിച്ചു. കോവളം മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ചിലര്‍ക്ക് മറ്റു മണ്ഡലങ്ങളിലും വോട്ടുണ്ടെന്നും രണ്ടു മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ വോട്ട് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ഇരട്ടിപ്പ് വോട്ടുകള്‍ കണ്ടെത്തി അവര്‍ കോവളം മണ്ഡലത്തില്‍ ചെയ്ത വോട്ടുകള്‍ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു. അങ്ങനെ നീലലോഹതദാസന്‍ നാടാര്‍ തോറ്റു.

ഇരട്ടവോട്ടിന്‌റെ അടിസ്ഥാനത്തിലാണ് 1991ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച സിപിഎമ്മിന്‌റെ ഒ ഭരതന്‌റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് കോണ്‍ഗ്രസിലെ കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ സുപ്രീംകോടതി വിധി ഒ ഭരതന് അനുകൂലമായി. അദ്ദേഹം വീണ്ടും എംഎല്‍എയാകുകയും ചെയ്തു.

ഇരട്ട വോട്ടുകളുടെ പേരിലാണ് 1991 ല്‍ കോവളത്ത് വിജയിച്ച നീല ലോഹിതദാസന്‍ നാടാര്‍ക്ക് നിയമസഭാഗത്വം നഷ്ടമായത്.

2001ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പി ജയരാജന്‍ അയോഗ്യനാക്കപ്പെട്ടത് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ്. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ പ്രഭാകരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതി അംഗീകരിച്ചു. തുടര്‍ന്ന് 2005 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 45,377 വോട്ടിന്‌റെ ഭൂരിപക്ഷത്തിന് പി ജയരാജന്‍ തന്നെ വിജയിച്ചു.

കൂത്തുപറമ്പ് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട പി ജയരാജൻ , ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ച് വീണ്ടും നിയമസഭയിലെത്തി

2006 ല്‍ പിറവം മണ്ഡലത്തില്‍ ടി എം ജേക്കബിനെതിരെ നേടിയ എല്‍ഡിഎഫിന്‌റെ അട്ടിമറി വിജയം നിയമക്കുരുക്കില്‍പ്പെട്ട് ശോഭ കെട്ടു. കോടതി ഇടപെടല്‍ മൂലം ഒരു വര്‍ഷത്തിലേറെക്കാലം എംഎല്‍എ ചുമതല നിര്‍വഹിക്കാന്‍ എല്‍ഡിഎഫിന്‌റെ എം ജെ ജേക്കബിന് സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉപയോഗിച്ച ലഘുലേഖയാണ് തിരിച്ചടിയായത്. എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തിയെന്ന് കാട്ടി, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എ നാരായണനാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് എം ജെ ജേക്കബിന് അനുകൂല വിധി വന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ ഇരുവരും വീണ്ടും മുഖാമുഖം വന്നപ്പോള്‍ ടിഎം ജേക്കബ് 157 വോട്ടിന്‌റെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ചു.

എം ജെ ജേക്കബ്

2011 ല്‍ വര്‍ക്കലമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലെ വര്‍ക്കല കഹാറിന്‌റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത് നാമനിര്‍ദേശപത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിനെതി ബിഎസ്പിയിലെ പ്രഹ്ലാദന്‍ നല്‍കിയ ഹര്‍ജിയിലാണ്. ഹൈക്കോടതി ഉത്തരവ് പിന്നീട് സുപ്രീംകോടതി റദ്ദാക്കി.

2001ലെ കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്നുള്ള ജോസഫ് എം പുതുശ്ശേരിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്, തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥിയുടെ ഹര്‍ജിയിലാണ്. കേരളാ കോണ്‍ഗ്രസ് ജോസഫിലെ ടി എസ് ജോണായിരുന്നു പരാതിക്കാരന്‍. ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി തിരുത്തി.

കെ എം ഷാജി

2016 ലെ തിരഞ്ഞെടുപ്പില്‍ മതപരമായി വോട്ട് ചോദിച്ചെന്ന എതിര്‍ സ്ഥാനാര്‍ഥിയുടെ പരാതിയിലാണ് അഴീക്കോട് എംഎല്‍എ കെഎം ഷാജി അയോഗ്യനാക്കപ്പെട്ടത്. ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി കൊണ്ടു കൂടിയാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ എംഎല്‍എയായി തുടരാന്‍ സുപ്രീംകോടതി കെഎം ഷാജിയെ അനുവദിച്ചു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി