എംഎൽഎമാരുടെ താമസ സ്ഥലമായ 'പമ്പ' ബ്ലോക്ക് പൊളിച്ച് നീക്കാൻ ചെലവ് 71.61 ലക്ഷം രൂപ (71,61,342). കാലപ്പഴക്കം കണക്കിലെടുത്താണ് പമ്പ പൊളിച്ച് പുതിയ ഫ്ലാറ്റ് പണിയുന്നത്. പുതിയ ബ്ലോക്കിന്റെ നിർമാണത്തിന് 73. 19 കോടി (73,19,10,000) രൂപയാണ് ചെലവ് വരിക. പമ്പയില്‍ താമസിച്ചിരുന്ന എംഎൽഎമാർ മുൻ എംഎൽഎമാർക്ക് താമസിക്കാനായി നിർമ്മിച്ച ഒറ്റ മുറികളുള്ള 'നിള'യിലേയ്ക്ക് മാറി. പമ്പ ബ്ലോക്ക് പൊളിച്ച് തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മിലെ എം.എസ്.അരുൺകുമാർ, പി.വി.ശ്രീനിജൻ, എ.രാജ, പി.പി.സുമോദ്, ജി.സ്റ്റീഫൻ, ഡോ.സുജിത് വിജയൻ പിള്ള, സിപിഐയിലെ സി.സി.മുകുന്ദൻ, കോൺഗ്രസിലെ സജീവ് ജോസഫ്, ടി.സിദ്ദീഖ്, സി.ആർ.മഹേഷ്, സനീഷ് കുമാർ ജോസഫ്, മുസ്ലീംലീഗിലെ യു.എ.ലത്തീഫ്, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, എം.കെ.എം.അഷ്റഫ്, എൻസിപിയിലെ തോമസ് കെ.തോമസ് എന്നിവരായിരുന്നു പമ്പ ബ്ലോക്കിൽ താമസിച്ചിരുന്നത്. ഇവർക്ക് വേണ്ടി സ്വകാര്യ ഹോട്ടലുകളും ഫ്ലാറ്റുകളും നല്‍കാമെന്ന് സ്പീക്കർ അറിയിച്ചിരുന്നു. വാടകയിനത്തില്‍ വർഷം 48 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. അരക്കോടിയോളം രൂപ വാടകയ്ക്കായി ചെലവഴിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ നിളയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. പമ്പയ്ക്ക് പകരം 60 ഫ്ലാറ്റുകളുള്ള പുതിയ ബ്ലോക്കാണ് നിർമ്മിക്കുക.