KERALA

ഒതുക്കിയത് വി എസ്; വെളിപ്പെടുത്തലുകളുമായി എം എം ലോറൻസിന്റെ ആത്മകഥ

വെബ് ഡെസ്ക്

പാർട്ടിയിൽ തന്നെ ഒതുക്കാൻ വി എസ് അച്യുതാനന്ദൻ ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി എം എം ലോറൻസിന്റെ ആത്മകഥ. നിരവധി സംഭവങ്ങൾ ഉദാഹരിച്ച് കൊണ്ടാണ് 'ഓർമച്ചെപ്പ് തുറക്കുമ്പോൾ' എന്ന എം എം ലോറൻസിന്റെ ആത്മകഥ പുറത്തുവരുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിനു പിന്നിൽ വി എസ് ആണെന്നും, തനിക്കും കെ എൻ രവീന്ദ്രനാഥിനുമെതിരെ വോട്ട് ചെയ്യാൻ അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ ഉൾപ്പെടെയുള്ളവരെ വി എസ് സ്വാധീനിച്ചു എന്നുമാണ് വെളിപ്പെടുത്തൽ.

കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ തങ്ങളെ ഏതു ഘടകത്തിലാണ് ഉൾപ്പെടുത്തേണ്ടതെന്ന് പ്രകാശ് കാരാട്ട് ചോദിച്ചപ്പോൾ അന്ന് പാർട്ടിയുടെ ജനറൽ സെക്രട്ടറി ചുമതലയുണ്ടായിരുന്ന സുർജിത്ത് അത് പിന്നീട് തീരുമാനിക്കാം എന്ന് പറഞ്ഞെന്നും, അത് വി എസിനോട് ആലോചിക്കാൻ വേണ്ടിയാണെന്ന് താൻ പിന്നീട് അറിഞ്ഞിരുന്നെന്നും ലോറൻസ് പറയുന്നു

കൊൽക്കത്തയിൽ നടന്ന 12-ാം പാർട്ടി കോൺഗ്രസിലാണ് താനും, കെ എൻ രവീന്ദ്രനാഥും, രാമചന്ദ്രൻ പിള്ളയും കേന്ദ്ര കമ്മിറ്റി അംഗങ്ങളും വി എസ് അച്യുതാനന്ദൻ പോളിറ്റ് ബ്യൂറോ അംഗവും ആകുന്നത്. എന്നാൽ പിന്നീട് 1998ലാണ് തന്നെയും കെ എൻ രവീന്ദ്രനാഥിനെയും കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുന്നത്. അർബുദം ബാധിച്ച് തിരുവനന്തപുരത്ത് ഡോ കൃഷ്ണൻ നായരുടെ ചിത്സയിൽ കഴിഞ്ഞിരുന്ന ചടയൻ ഗോവിന്ദനെ ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റിയിലേക്ക് കൊണ്ട് പോകുന്നത് വി എസ് ആണെന്നും. ഡൽഹിക്ക് കൊണ്ടുപോകേണ്ട എന്ന് ഡോ കൃഷ്ണൻ നായർ തന്നെ പറഞ്ഞിട്ടും നിർബന്ധിച്ച് കൊണ്ടുപോയത് തനിക്കെതിരെ വോട്ട് ചെയ്യിക്കാൻ വേണ്ടിയാണെന്നും എം എം ലോറെൻസ് ആത്മകഥയിൽ പറയുന്നു.

ടി കെ രാമകൃഷ്ണൻ മാത്രമായിരുന്നു അന്ന് തങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്തതെന്നും എം എം ലോറൻസ് പറയുന്നു. '98 ൽ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ താനും കെ എൻ രവീന്ദ്രനാഥും ഉൾപ്പെടെ 16 പേരെ തോൽപ്പിക്കുകയും സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തത് കരുതിക്കൂട്ടി ചെയ്തതാണെന്നും എം എം ലോറൻസ് പറയുന്നു. എൽ ഡി എഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കുകയാണ് അടുത്ത പടി എന്ന് മനസിലാക്കി സ്വയം രാജിവെക്കുകയായിരുന്നെനും ലോറൻസ് ആത്മകഥയിൽ പറയുന്നു.

കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ തങ്ങളെ ഏതു ഘടകത്തിലാണ് ഉൾപ്പെടുത്തേണ്ടതെന്ന് പ്രകാശ് കാരാട്ട് ചോദിച്ചപ്പോൾ അന്ന് പാർട്ടിയുടെ ജനറൽ സെക്രട്ടറി ചുമതലയുണ്ടായിരുന്ന സുർജിത്ത് അത് പിന്നീട് തീരുമാനിക്കാം എന്ന് പറഞ്ഞെന്നും, അത് വി എസിനോട് ആലോചിക്കാൻ വേണ്ടിയാണെന്ന് താൻ പിന്നീട് അറിഞ്ഞിരുന്നെന്നും ലോറൻസ് പറയുന്നു. പിന്നീട് ലോറൻസ് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. അതിനു ശേഷം നിരവധി പരിപാടികളിൽ തന്നെ വേദിയിലേക്ക് ക്ഷണിക്കുമ്പോഴും ഒരു സാധാരണ ഏരിയ കമ്മിറ്റി അംഗമെന്ന രീതിയിൽ സദസിൽ മാത്രമാണ് നിൽക്കാറെന്നും ലോറെൻസ് പറയുന്നു.

ശേഷം കണ്ണൂർ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് ഉയർത്തിയെന്നും എന്നാൽ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായിരുന്നില്ലെന്നും ലോറൻസ് പറയുന്നു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിലാണ് താൻ പ്രതിനിധിയായി പങ്കെടുത്തതെന്നും ലോറൻസ് ആത്മകഥയിൽ വ്യക്തമാക്കി. സേവ് സി പി എം ഫോറത്തിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണ കമ്മീഷൻ, അന്വേഷണം പൂർത്തിയാക്കി തന്റെയും കെ എൻ രവീന്ദ്രനാഥിന്റെയും വീട്ടിലേക്കയച്ച റിപ്പോർട്ടിന്റെ പകർകപ്പ് തങ്ങൾ അറിയാതെ മനോരമ പത്രത്തിന് ചോർത്തി നൽകുകയും അതിനു പിന്നിൽ തങ്ങളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

പാലക്കാട് സംസ്ഥാന സമ്മേളനത്തിലാണ് ഏറ്റവും വലിയ വെട്ടിനിരത്തൽ നടന്നതെന്നും താനായിരുന്നു അതിന്റെ പ്രധാനലക്ഷ്യമെന്നും ലോറൻസ് പറയുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 11 പേരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്താക്കാൻ തീരുമാനമാകുന്നു. അങ്ങനെ പുറത്തക്കപ്പെട്ട ഒ ഭരതൻ തനിക്ക് എന്ത് ആരോഗ്യപ്രശ്നമാണ് ഉള്ളതെന്ന് സെക്രട്ടറി ചടയൻ ഗോവിന്ദനോട് എഴുന്നേറ്റ് നിന്ന് ചോദിച്ച കാര്യവും പുസ്തകത്തിൽ പറയുന്നുണ്ട്. വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്കും വിശകലനങ്ങൾക്കും വഴിതുറക്കാൻ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ് ഡി സി ബുക്ക്സ് പുറത്തിറക്കിയ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ എന്ന എം എം ലോറൻസിന്റെ ആത്മകഥയിലൂടെ പുറത്തു വരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും