KERALA

'എം എം ലോറൻസിൻ്റെ മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിക്കണം'; മകളുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാലവിധി

അന്തിമതീരുമാനമെടുക്കേണ്ടത് എറണാകുളം മെഡിക്കൽ കോളേജ്

വെബ് ഡെസ്ക്

സിപിഎം മുതിർന്ന നേതാവും മുൻ സിഐടിയു ജനറൽ സെക്രട്ടറിയുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും അന്തിമതീരുമാനമെടുക്കേണ്ടത് എറണാകുളം മെഡിക്കൽ കോളേജ് ആണെന്നും കോടതി.

മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ. എംഎൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെതുടർന്ന് അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തന്റെ അച്ഛൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാരോപിച്ച് ഇളയമകൾ ആശ ലോറൻസ് രംഗത്തെത്തിയത്. ആശുപത്രിക്ക് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് മകൾ ആശ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു ഹർജിക്കാരിയായ മകളുടെ ആവശ്യം. മെഡിക്കൽ കോളേജിന് നല്കുന്നതിനാവശ്യമായ രേഖകൾ ഇല്ലെന്നും ഹർജിക്കാരി കോടതിയിൽ പറഞ്ഞു. സമ്മതപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ആശുപത്രി അധികൃതരോട് ചോദിച്ച കോടതി അത് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും, അന്തിമതീരുമാനം മെഡിക്കൽ കോളേജ് സ്വീകരിക്കണമെന്നും പറഞ്ഞു.

മകൾ ആശ ഉയർത്തിയ പരാതിയും മെഡിക്കൽ കോളേജ് പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്നതിൽ അന്തിമതീരുമാനമെടുക്കേണ്ടത് കുടുംബമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്നു എം എം ലോറന്‍സ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം