സ്വാമി സുനിൽ ദാസ് പ്രഭാകരന്‍ 
KERALA

മുതലമട ട്രസ്റ്റ് തലവൻ സ്വാമി സുനിൽ ദാസിനെതിരെ പണം തട്ടിപ്പ് കേസ്; മുംബൈ സ്വദേശിയുടെ പക്കൽനിന്ന് തട്ടിയത് അഞ്ചരക്കോടി

വെബ് ഡെസ്ക്

മുതലമട ചാരിറ്റബിൾ ട്രസ്റ്റ് തലവൻ സ്വാമി സുനിൽ ദാസ് പ്രഭാകരനെതിരെ പണം തട്ടിപ്പ് കേസുമായി മുംബൈ സ്വദേശി. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് മുംബൈ സ്വദേശിയായ എഎസ് മാധവൻ നടത്തിയ പ്രവർത്തനങ്ങൾക്ക് 25 കോടി രൂപയുടെ പുരസ്കാരം വാഗ്ദാനം ചെയ്താണ് സുനിൽ ദാസ് തട്ടിപ്പ് നടത്തിയത്. പുരസ്കാരത്തിന്റെ പേരിൽ അഞ്ചരക്കോടി രൂപയാണ് വാരിയർ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയായ മാധവന്റെ കൈയിൽ നിന്നും സ്വയം പ്രഖ്യാപിത ആൾ ദൈവം തട്ടിച്ചത്.

പാലക്കാട് കേന്ദ്രമായുള്ള മുതലമട ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സുനിൽ ദാസ്, 2018 സെപ്റ്റംബറിലാണ് എ എസ് മാധവനെ സമീപിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻ മേധാവിയായിരുന്ന ടി എൻ ശേഷന്റെ പേരിലുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് മാധവന്റെ ട്രസ്റ്റാണെന്ന് സുനിൽ അറിയിക്കുന്നു. പ്രളയബാധിത മേഖലയിലെ ജനങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയതിനാണ് പുരസ്കാരമെന്നും 25 കോടി രൂപയുടെ ചെക്ക് നൽകുമെന്നും സുനിൽ ദാസ് മാധവനെ അറിയിച്ചു. പണം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെനന്നും സുനിൽ മാധവനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.

2018ൽ പാലക്കാട് വച്ചാണ് മാധവന് അവാർഡ് നല്‍കുന്നത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) മുൻ ചെയർമാൻ മാധവൻ നായരാണ് മുംബൈ സ്വദേശിക്ക് അവാർഡ് കൈമാറിയത്. പുരസ്കാരത്തിനൊപ്പം നൽകിയ ചെക്കിൽ തീയതി ചേർത്തിരുന്നില്ല.

ചെക്ക് മാറാൻ പറ്റാതായതോടെ സുനിൽ ദാസിനോട് എ എസ് മാധവൻ ഇതേക്കുറിച്ച് അന്വേഷിച്ചു. ഒരു വായ്പാ പ്രശ്നം മൂലമാണ് 25 കോടി വിട്ടുനൽകാൻ വൈകുന്നതെന്നുമായിരുന്നു സുനിൽ ദാസിന്റെ പ്രതികരണം. അതിന്റെ പേരിൽ രണ്ടുതവണയായി സുനിൽ ദാസ് മാധവന്റെ കയ്യിൽ നിന്നും അഞ്ചരക്കോടി രൂപ വാങ്ങിയെടുക്കുകയും ചെയ്തു. പിന്നീട് 25 കോടി രൂപയുടെ ചെക്ക് മാറ്റിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വായ്‌പകൾ തീർക്കാനെന്ന പേരിൽ വാങ്ങിയ തുകയെങ്കിലും തിരികെ നൽകണമെന്ന് സുനിൽദാസിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് മാധവൻ മുംബൈ പവായ് പോലീസിനെ സമീപിച്ചു. ഇതോടെയാണ് സുനിൽ ദാസിന്റെ തട്ടിപ്പ് വെളിച്ചത്താകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 , 406 എന്നിവ പ്രകാരമാണ് സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും