ചിന്നക്കനാലിനെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ പെരിയാര്‍ കടുവാസങ്കേതത്തിലെത്തിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍ പുലര്‍ച്ചെ നാലുമണിയോടെ അരിക്കൊമ്പനെ തുറന്നുവിട്ടു. ആനയ്ക്ക് ചെറിയ പരിക്കുകളുണ്ടെങ്കിലും വേഗം സുഖപ്പെടുമെന്നും 150 പേരടങ്ങുന്ന സംഘത്തിന്റെ പരിശ്രമമാണ് ദൗത്യം വിജയിക്കാന്‍ കാരണമെന്നും ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയ ആര്‍എസ് അരുണ്‍, ഡോ അരുണ്‍ സക്കറിയ എന്നിവര്‍ വ്യക്തമാക്കി.
ശ്രമകരമായ ദൗത്യമായിരുന്നു. രണ്ടാം ദിനം ഭാഗ്യം തുണച്ചതിനാല്‍ ആനയെ ട്രാക്ക് ചെയ്യാന്‍ പറ്റി. പുറമെ എളുപ്പത്തില്‍ പിടിക്കാന്‍ സാധിക്കുന്ന രീതിയിലേയ്ക്ക് ചക്കക്കൊമ്പൻ അരിക്കൊമ്പനെ എത്തിച്ചു. അതുകൊണ്ടാണ് ഇന്നലെ ദൗത്യം പൂര്‍ണമായും വിജയിക്കാന്‍ സാധിച്ചത്. അരിക്കൊമ്പനെ ഉള്‍വനത്തിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ സിഗ്നല്‍ ഇന്നലെ ലഭിച്ചു. അതിന് ശേഷമുള്ള സിഗ്നലുകള്‍ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആന തീറ്റയെടുക്കുന്നുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇനി പുതിയ ദൗത്യ സംഘം പരിശോധന നടത്തി സ്ഥിരീകരിക്കുമെന്നും സിസിഎഫ് ആര്‍ എസ് അരുണ്‍ വ്യക്തമാക്കി.
പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ അരുൺ സക്കറിയ വിശദീകരിച്ചു. മഴ ദൗത്യം ദുഷ്കരമാക്കി. അതുകാരണം ചില സ്ഥലങ്ങളില്‍ കൊണ്ട് പോവാന്‍ ബുദ്ധിമുട്ടുണ്ടായി. ഉള്‍വനത്തില്‍ മുല്ലക്കുടി സെക്ഷനിലാണ് ആനയെ വിട്ടിരിക്കുന്നത്. ആനയ്ക്ക് സാരമായ പരിക്കുകളുണ്ടെന്ന് സിസിഎഫ് ആർ എസ് അരുൺ പറഞ്ഞു. അതിനുള്ള ചികിത്സ നല്‍കിയാണ് ഉള്‍വനത്തിലേയ്ക്ക് അയച്ചിട്ടുള്ളതെന്ന് ഡോ അരുണ്‍ സക്കറിയ വിശദമാക്കി. ആനയെ മാറ്റുന്നതായിരുന്നു ഞങ്ങളുടെ ദൗത്യം അത് വിജയിച്ചു. ഭൂപ്രദേശത്തിന്റെ രീതി കാരണം ദൗത്യം ദുഷ്കരമായി.പരിക്കുപറ്റിയത് വൈകാതെ ശരിയാവും എന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പന്റെ നിലവിലെ സ്ഥിതി മനസിലാക്കാനാണ് ജിപിഎസ് കോളര്‍ ഘടിപ്പിച്ചിരിക്കുന്നത്. വനം വകുപ്പ് ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നും അരുണ്‍ സക്കറിയ പറഞ്ഞു. വയനാട് ആര്‍ആര്‍ടി ടീമിന്റെ ശ്രമകരമായ ദൗത്യത്തില്‍ ആനയെ നിരീക്ഷിക്കാനുള്ള വാച്ചർമാർ,ട്രാക്കിംഗ് ടീം എന്നിവരടക്കം വനംവകുപ്പിലെ 150 പേരുടെ സംഘം നടത്തിയ ദൗത്യത്തില്‍ കെഎസ്ഇബി,ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ്,ഗ്രാമ പഞ്ചായത്തുകള്‍, ചിന്നകനാലിലുള്ള നാട്ടുകാർ എന്നിവരെല്ലാം കാര്യമായി സഹകരിച്ചതായി സിസിഎഫ് ആര്‍ എസ് അരുണ്‍ പറഞ്ഞു.