KERALA

മോന്‍സണ്‍ മാവുങ്കല്‍ കേസ്: ഐജി ലക്ഷ്മണിന് വീണ്ടും സസ്‌പെന്‍ഷന്‍

പരാതിക്കാരന്‍ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളില്‍ ലക്ഷ്മണിന്റെ പങ്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്നും അന്വേഷണം അട്ടിമറിക്കാന്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു

വെബ് ഡെസ്ക്

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ ഐജി ജി. ലക്ഷ്മണിനെ വീണ്ടും സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ ലക്ഷ്മണ്‍ നടത്തിയ ശ്രമങ്ങള്‍ തെളിഞ്ഞതോടെയാണ് സര്‍ക്കാര്‍ നടപടി.

മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ അന്ന് ഐജിയായിരുന്ന ജി ലക്ഷ്മണ്‍ ഇടപെടലുകള്‍ നടത്തിയെന്നു കാട്ടി കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിലാണ് കേസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ലക്ഷ്മണിനെ നേരത്തെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ കേസ് അന്വേഷിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ലക്ഷ്മണിന്റെ ഇടപെടലുകള്‍ വ്യക്തമായതോടെ വീണ്ടും വകുപ്പ്തല നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ ലക്ഷ്മണ്‍ നാലാം പ്രതിയാണ്. പരാതിക്കാരന്‍ തെളിവായി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളില്‍ ലക്ഷ്മണിന്റെ പങ്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്നും അന്വേഷണം പലകുറി അട്ടിമറിക്കാന്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ക്രൈംബ്രാഞ്ച് നേരത്തെ ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഐജി ലക്ഷ്മണ്‍ ഹാജരാകാത്തതിനാല്‍ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടിസ് നല്‍കിയിട്ടും ലക്ഷ്മണ്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍ പിന്നീട് ചോദ്യം ചെയ്യലുമായി സഹകരിക്കുകയായിരുന്നു.

ഇതിനു പുറമേ കേസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാബാഹ്യ അധികാരകേന്ദ്രത്തിന്റെ ഗൂഢാലോചനയാണെന്നും തന്നെ കുടുക്കിയതാണെന്നും ആരോപിച്ച് ഐജി ലക്ഷ്മണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ