KERALA

മോൻസണ്‍ മാവുങ്കല്‍ കേസ്: പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സുധാകരൻ, അറസ്റ്റിന് നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

നാളെ ചോദ്യം ചെയ്യലിന് ഹാജരായാൽ അവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയതായാണ് വിവരം.

വെബ് ഡെസ്ക്

മോൻസണ്‍ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അന്വേഷണ സംഘം മോൻസണ്‍ മാവുങ്കലിന്റെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതി ചേർത്ത ക്രൈംബ്രാഞ്ച് നടപടിയിൽ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചേക്കും.

കേസിൽ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നാളെ ചോദ്യം ചെയ്യലിന് ഹാജരായാൽ അവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയതായാണ് വിവരം. ഇത് കൂടി മുന്നിൽ കണ്ടാണ് സുധാകരന്റെ നീക്കം.

അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് സുധാകരന്റെ ആരോപണം. എഫ്ഐആറിന്റെ പകർപ്പ് അന്വേഷണ സംഘത്തോട് സുധാകരൻ ആവശ്യപ്പെടും. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്നലെയാണ് സുധാകരനെ പ്രതിചേര്‍ത്തത്. വഞ്ചനാകുറ്റം ചുമത്തി രണ്ടാം പ്രതിയായാണ് കേസെടുത്തിരിക്കുന്നത്.

കേസിന്റെ പ്രാരംഭഘട്ടം മുതല്‍ തന്നെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് സുധാകരെന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കെ സുധാകരന്‍, മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ താമസിച്ച് സൗന്ദര്യ വര്‍ധനയ്ക്കുള്ള കോസ്മറ്റോളജി ചികിത്സ നടത്തിയെന്നായിരുന്നു പരാതി. മോണ്‍സന്റെ വീട്ടില്‍ താമസിച്ച് 10 ദിവസം ചികിത്സ നടത്തിയെന്നായാരുന്നു പരാതിക്കാരന്‍ പറഞ്ഞത്. എന്നാല്‍ മോന്‍സണ്‍ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും പത്ത് ദിവസമല്ല അഞ്ച് ദിവസമാണ് ചികിത്സക്കായി വീട്ടില്‍ താമസിച്ചതെന്നും കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തട്ടിപ്പിന്റെ തെളിവുകൾ നൽകിയിട്ടും ക്രൈംബ്രാഞ്ച് എസ് പി നടപടിയെടുക്കുന്നില്ലെന്നും ഡിഐജി സുരേന്ദ്രൻ, ഐജി ജി ലക്ഷ്‌മൺ, കെ സുധാകരൻ എം പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഇക്കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തയാറായില്ലെന്നുമടക്കം ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം ടി ഷെമീർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദേശത്തേക്ക് പുരാവസ്തുക്കൾ നൽകിയതിന്റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ഹർജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് മോൻസണെതിരായ കേസ്.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്