കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 
KERALA

സംവരണക്കാർ വരാതിരിക്കാൻ സീറ്റുകൾ ഒഴിച്ചിട്ടു; കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അട്ടിമറി നടന്നതിന് കൂടുതല്‍ തെളിവുകൾ

വെബ് ഡെസ്ക്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടന്നതിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2022 ബാച്ചിലേക്ക് നടന്ന അഡ്മിഷനുമായി ബന്ധപ്പെട്ട് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന് അയച്ച കത്താണ് പുറത്തുവന്നത്. ഇന്റര്‍വ്യൂവിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 133 പേരുടെ ലിസ്റ്റ് എങ്ങനെയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സംവിധായകന്‍ ജിയോ ബേബിയാണ് ഇതുസംബന്ധിച്ച കത്ത് പുറത്തുവിട്ടത്. സംവരണ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതല്‍ എത്തുന്നത് ഒഴിവാക്കാന്‍ ആ വിഭാഗത്തിനര്‍ഹതപ്പെട്ട 9 സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണെന്നും ജിയോ ബേബി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനപരീക്ഷയുടെ നടത്തിപ്പ് ചുമതല എല്‍ബിഎസിനാണ്. പരീക്ഷ നടത്തി 265 വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി പട്ടിക എല്‍ബിഎസ്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്കി. ആ ലിസ്റ്റില്‍ നിന്നും ഇന്റര്‍വ്യൂവിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 133 പേരുടെ ലിസ്റ്റ് എങ്ങനെയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചത് എന്നാണ് കത്തില്‍ നിന്ന് വ്യക്തമാകുന്നത്.

സംവരണക്കാര്‍ കൂടുതലെത്തി കോഴ്‌സിന്റെ ഗുണനിലവാരം കുറയ്ക്കുന്നത് ഒഴിവാക്കാനാണിതെന്നാണ് ഡയറക്ടറുടെ വാദം

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ആകെയുള്ളത് 60 സീറ്റുകളാണ്. ഇതില്‍ സംസ്ഥാനത്തിന്റെ മെറിറ്റ് പട്ടികയില്‍ വരുന്നത് 50%. അതായത് 30 സീറ്റുകള്‍. ബാക്കി 30 സീറ്റുകളും എസ്ഇബിസി, എസ്‌സി/എസ്ടി, മുന്നോക്ക സംവരണ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ഇതില്‍ സംവരണ വിഭാഗത്തില്‍പ്പെട്ടവരും മെറിറ്റ് ലിസ്റ്റിലുണ്ട്. ആകെ 51 സീറ്റുകളിലേക്ക് അഡ്മിഷന്‍ നടന്നപ്പോള്‍ സംവരണ പ്രകാരം സീറ്റ് കിട്ടിയത് 4 പേര്‍ക്ക് മാത്രം. അതായത് സംവരണ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതല്‍ എത്തുന്നത് ഒഴിവാക്കാന്‍ ആ വിഭാഗത്തിനര്‍ഹതപ്പെട്ട 9 സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കയാണ്. സംവരണക്കാര്‍ കൂടുതലെത്തി കോഴ്‌സിന്റെ ഗുണനിലവാരം കുറയ്ക്കുന്നത് ഒഴിവാക്കാനാണിതെന്ന് ഡയറക്ടര്‍ തന്നെ പരോക്ഷമായി അധ്യാപകരോട് സൂചിപ്പിച്ചതായും ആരോപണങ്ങളുണ്ട്.

എല്ലാത്തരം മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി, സംവരണത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിഷനായി നിശ്ചയിച്ചിരിക്കുന്ന എല്ലാത്തരം മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി, സംവരണത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെന്ന് ജിയോ ബേബി പറഞ്ഞു. ചെയര്‍മാന്‍ അടൂരാകട്ടെ, ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണെന്നും ജിയോ ബേബി കുറ്റപ്പെടുത്തി. ഇതിനെ കൃത്യ വിലോപമായല്ല, കുറ്റകൃത്യമായാണ് പൊതു സമൂഹം പരിഗണിക്കുന്നത്. കെ ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനത്തെ ജാതി വിവേചനത്തിന്റെ അരങ്ങാക്കി ഇതിലും കൂടുതല്‍ മലീമസപ്പെടുത്താനില്ല. ഇവര്‍ രണ്ട് പേരും ആ സ്ഥാനങ്ങളില്‍ നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാനുള്ള ധാര്‍മ്മികത കാണിക്കണമെന്നും ജിയോ ബേബി ആവശ്യപ്പെട്ടു.

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇരുന്ന് ഇത്തരം നടപടികള്‍ കാണിച്ചിട്ടും ഡയറക്ടറായി ശങ്കര്‍ മോഹന്‍ തുടരുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ ഇടപെടല്‍ ഇനിയും വൈകരുതെന്നും ജിയോ ബേബി കൂട്ടിചേര്‍ത്തു.
ജിയോ ബേബി

കുലീന കുടുംബ പാരമ്പര്യത്തിന്റെ ആട്ടിന്‍ തോലിട്ട് മറച്ച് ഡയറക്ടറുടെ കുറ്റകൃത്യങ്ങള്‍ക്ക് കുട പിടിക്കുന്ന അടൂരെന്ന സംവിധായകന്റെ യഥാര്‍ത്ഥമുഖം ജനങ്ങള്‍ തിരിച്ചറിയുക കൂടി വേണമെന്നും ജിയോ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇരുന്ന് ഇത്തരം നടപടികള്‍ കാണിച്ചിട്ടും ഡയറക്ടറായി ശങ്കര്‍ മോഹന്‍ തുടരുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ ഇടപെടല്‍ ഇനിയും വൈകരുതെന്നും ജിയോ ബേബി കൂട്ടിചേര്‍ത്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?