KERALA

ജലീലിനുപിന്നാലെ പ്രതിഭയും, അന്‍വറിനെ പിന്തുണച്ച് കൂടുതല്‍ എംഎല്‍എമാര്‍; ഇടഞ്ഞ് സിപിഐ, ഉലഞ്ഞ് ഇടതുമുന്നണി

ക്രിമിനലുകളും കൊലപാതകികളുമടക്കമുള്ള ചിലര്‍ പോലീസ് തലപ്പത്ത് സ്വൈരവിഹാരം നടത്തുകയാണെന്ന് എഐവൈഎഫ് തുറന്നടിച്ചു

വെബ് ഡെസ്ക്

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിക്ക് വഴിവെയ്ക്കുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് ചുവടുപിടിച്ച് പിന്തുണയുമായി ഇടത് എംഎല്‍എമാരും സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐയും അവരുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും രംഗത്തുവന്നതോടെ മുന്നണിയിലെ ഭിന്നസ്വരം പരസ്യവിഴുപ്പലക്കലുകള്‍ക്ക് കാരണമാകുകയാണ്.

ആരോപണവിധേയനായ എം ആര്‍ അജിത് കുമാറിനെതിരെ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയാണ് പരസ്യമായി രംഗത്തെത്തിയത്. വയനാട് ദുരന്തത്തെത്തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ അജിത്കുമാര്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായ ഇ ജെ ബാബു ആരോപിച്ചത്. സന്നദ്ധസംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്നു പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാറിന്റെ ഗൂഢതന്ത്രമാണെന്നും സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കുകയായിരുന്നു അജിത്കുമാറിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി പരാമര്‍ശിച്ച 'പോലീസിലെ പുഴുക്കുത്തുകളെ' ഊന്നി സിപിഐ യുവജന സംഘടനയായ എഐവൈഎഫും രംഗത്തുവന്നത്. പോലീസിലെ ക്രിമിനലുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം.

ക്രിമിനലുകളും കൊലപാതികളുമടക്കമുള്ള ചിലര്‍ പോലീസ് തലപ്പത്ത് സ്വൈരവിഹാരം നടത്തുകയാണെന്ന് എഐവൈഎഫ് തുറന്നടിച്ചു. ക്രമസമാധാനപാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യവിവര ശേഖരണ സംവിധാനത്തെപ്പോലും ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെ തന്നെ സര്‍ക്കാര്‍ കാണണമെന്നും മന്ത്രിമാരുടേതടക്കമുള്ള ഫോണ്‍കോളുകള്‍ എഡിജിപി ചോര്‍ത്തിയെന്നും കസ്റ്റംസ് ബന്ധങ്ങള്‍ ഉപയോഗിച്ച് എസ് പി സുജിത്ത് ദാസ് സ്വര്‍ണം കടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

ഇടതുമുന്നണിയുടെ പോലീസ് നയത്തിനെതിരേ പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കുകയാണെന്നും നിയമപാലനം നടത്തേണ്ടവര്‍ തന്നെ ക്രിമിനലുകളാകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുതെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.

അന്‍വറിനെ പിന്തുണച്ച് സിപിഎം എംഎല്‍എമാരും രംഗത്തുവന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കെടി ജലീല്‍, യു പ്രതിഭ എന്നിവരാണ് അന്‍വറിന് പിന്തുണയുമായി പരസ്യമായി രംഗത്തുവന്നത്. അന്‍വര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും ഉദ്യോഗസ്ഥര്‍ക്കിടയിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നുമാണ് കെ ടി ജലീല്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു താന്‍ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ജലീല്‍ നയം വ്യക്തമാക്കിയത്. ''ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി'യുടെ അവസാന അധ്യായത്തില്‍,'' എന്നായിരുന്നു ജലീലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

എഡിജിപിക്കെതിരേ അന്‍വര്‍ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്നും അത് ഒരിക്കലും ആഭ്യന്തരവകുപ്പിനെതിരല്ലെന്നുമാണ് അഡ്വ. യു പ്രതിഭ എംഎല്‍എ പ്രതികരിച്ചത്. ''ഐപിഎസ് രംഗത്തുള്ള ഒരുദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. എന്റെ അഭിപ്രായവും അതാണ്. ഏത് മേഖലയിലായാലും തെറ്റായ പ്രവണതയുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണം. അന്‍വറിന്റെ പ്രതികരണം ഒരു സിസ്റ്റത്തിലെ പുഴുക്കുത്തുകള്‍ക്കെതിരായ പ്രതികരണമാണ്. അത് നമുക്ക് നേരിട്ടൊരു ദുരനുഭവമുണ്ടാകുമ്പോള്‍ മാത്രമല്ല പ്രതികരിക്കേണ്ടത്. തെറ്റ് ചെയ്തത് വിളിച്ചു പറയാന്‍ അന്‍വര്‍ കാണിച്ച ധൈര്യത്തിന് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു,'' പ്രതിഭ എംഎല്‍എ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം