രാജ്യത്ത് വാഹനാപകടങ്ങളില്‍ ജീവൻ നഷ്ടമാകുന്നതിലധികവും യുവാക്കള്‍. 2021ല്‍ റോഡപകടത്തില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും യുവാക്കളാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 18നും 45 വയസിനും ഇടയിലുള്ളവരാണ് റോഡപകടത്തില്‍പ്പെട്ട് മരിക്കുന്നതില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പുരുഷന്‍മാരുടെ എണ്ണം പ്രതിവര്‍ഷം കൂടിവരികയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2021ല്‍ രാജ്യത്ത് നടന്ന ആകെ വാഹനാപകടങ്ങളുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. റോഡപകടത്തില്‍ മരിച്ച 7764 പേർ 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. 25നും 35 വയസിനുമിടയിലുള്ള 39,646 പേര്‍ക്കാണ് 2021ല്‍ റോഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കോവിഡിന് മുൻപുള്ള കണക്കുകള്‍ പ്രകാരം 2019ല്‍ 39,023 പേരാണ് റോഡില്‍ മരിച്ചത്. ലോക്ക് ഡൗണ്‍ വര്‍ഷമായതുകൊണ്ട് 2020ല്‍ ഇതില്‍ കുറവ് വന്നിരുന്നു. എന്നാല്‍, ലോക്ക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ വീണ്ടും വാഹനാപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
25നും 35 വയസിനുമിടയിലുള്ള 39,646 പേര്‍ക്കാണ് 2021ല്‍ റോഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്
18നും 45നും ഇടയില്‍ പ്രായമുള്ള 91,583 പുരുഷന്‍മാരും 12,554 സ്ത്രീകളുമാണ് മരിച്ചത്. 2021ലെ കണക്കുകള്‍ പ്രകാരം വാഹനാപകടത്തില്‍ മരിച്ചവരില്‍ 86 ശതമാനം പുരുഷന്മാരാണ്. 2021ല്‍ മാത്രം 1,33,025 പുരുഷന്മാരാണ് മരിച്ചത്. 13 ശതമാനം സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുവതികളുടെ എണ്ണം കുറയുകയും പുരുഷന്‍മാരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്.
സ്വയം വാഹനമോടിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് 96.9 ശതമാനം പുരുഷന്‍മാരും അപകടത്തില്‍പെട്ടത്. എന്നാല്‍ 3.1 ശതമാനം സ്ത്രീകള്‍ മാത്രമാണ് സ്വയം വാഹനമോടിച്ച് പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഈ കണക്കുകളനുസരിച്ചും 18നും 45നും ഇടയില്‍ പ്രായമായ 72 ശതമാനം പുരുഷന്‍മാരും 2.46 സ്ത്രീകളുമാണ് മരിച്ചത്.
ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഡ്രൈവിങ് ട്രെയ്‌നിങ് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമിത വേഗതയാണ് റോഡപകടങ്ങളില്‍ പ്രാധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റോഡിന്റെ അവസ്ഥയും മറ്റ് കാരണങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.