KERALA

സുധാകരനെ നീക്കാൻ കോൺഗ്രസിൽ പടയൊരുക്കം; പ്രവര്‍ത്തനം ​പോരെന്ന് എംപിമാര്‍

രണ്ട് പേരൊഴികെയുള്ള കോൺഗ്രസ് എംപിമാർ ഹൈക്കമാന്‍ഡിന് പരാതി നൽകിയെന്നു വിവരം

എ വി ജയശങ്കർ

കെപിസിസി അധ്യക്ഷൻ എന്ന തരത്തിലുള്ള കെ സുധാകരന്റെ പ്രവർത്തനം പരാജയമെന്നാണ് കേരളത്തിൽ നിന്നുള്ള ഒരു വിഭാഗം എംപിമാരുടെ പരാതി. ഇവർ ഇക്കാര്യം ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിച്ചതാണ് സൂചന. രണ്ട് എംപിമാർ മാത്രമാണ് ഹൈക്കമാന്‍ഡിന് പരാതി നൽകുന്നതിൽ വിട്ടുനിന്നതെന്നാണ് വിവരം. ഈ നേതൃത്വവുമായി മുന്നോട്ട് പോയാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് പരാതിയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം സുധാകരന് സംസ്ഥാനത്ത് നിറഞ്ഞുനിന്നു പ്രവർത്തിക്കാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കെ സുധാകരൻ നിരന്തരമായി വിവാദം ഉണ്ടാക്കുന്നത് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നാണ് എംപിമാരുടെ പക്ഷം. ഏറ്റവും ഒടുവിൽ മുസ്ലീം ലീഗുമായുള്ള പ്രശ്നങ്ങളും നേരിട്ട് സുധാകരനെതിരെ തിരിയാൻ എംപിമാരെ പ്രേരിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംഘടനയിലെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടി കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർക്കിടയിൽ അടക്കം സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഘട്ടത്തിലെ ആവേശം നിലവിലില്ല. കോൺഗ്രസിനെ സെമി കേഡർ ​പാർട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച കെ സുധാകരൻ അധ്യക്ഷപദവിയിലെത്തി ഒരു വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും സംഘടനാ സംവിധാനം ഏറെ ദുർബലമാണ്. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലങ്ങളിൽ പോലും വിമതനീക്കം തകൃതിയായി നടക്കുന്നു എന്നതടക്കം സുധാകരനെതിരെ സംസ്ഥാന കോൺഗ്രസിൽ ആരോപണങ്ങൾ ശക്തമാണ്. പാർട്ടിയിലെ പുനഃസംഘടന പോലും പൂർത്തിയാക്കാനായില്ലെന്ന വിമർശനവും ശക്തമാണ്. നിലപാട് പരസ്യമാക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ ചില മുതിർന്നനേതാക്കൾക്കും സുധാകരന്റെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.

നിലവിലെ സാഹചര്യത്തിൽ ഭാരത് ജോഡോ യാത്ര തീരും വരെ സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകില്ലെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. യാത്ര പൂർത്തിയായതിന് ശേഷം മാറ്റമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തേക്കുമെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യമെന്ന കാരണത്താല്‍ കെ സുധാകരനെ നീക്കുന്നതിൽ സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ലെങ്കിലും കെ സുധാകരന് പകരമാര് എന്നതിൽ എന്നതിൽ കോൺഗ്രസിൽ വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.

എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് ഉൾപ്പടെയുള്ള നേതാക്കൾ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്. നിലവിലെ സമവാക്യങ്ങൾ അനുസരിച്ച് കൊടിക്കുന്നിലിന് നറുക്ക് വീഴാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നതിൽ കെ മുരളീധരന് അടക്കം അതൃപ്തിയുണ്ട്. എന്നാൽ കെ സുധാകരനെ അധ്യക്ഷപദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അദ്ദേഹം തള്ളുന്നുമില്ല. സംസ്ഥാനത്തെ കാര്യങ്ങളിൽ നിലവിൽ ഇടപെടാൻ ഇല്ലെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്. അതുകൊണ്ടുതന്നെ കെ സുധാകരനെതിരെയുള്ള പരാതിയടക്കം കെ സി വേണുഗോപാൽ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇത് കെ സുധാകരന് ഗുണകരമാണ്.

കഴിഞ്ഞ നവംബറിൽ രണ്ടാം തവണയും കെ സുധാകരനെ പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള കെപിസിസി പുനഃസംഘടനയ്ക്ക് എഐസിസി തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയടക്കം പിന്തുണയോടെയാണ് ഇക്കാര്യത്തിൽ അന്ന് ധാരണയായത്. എന്നാൽ പിന്നീട് കെ സുധാകരൻ നിരന്തരം വിവാദ നായകനായതോടെ പ്രഖ്യാപനം വൈകി. ഇതിനിടെ മുഴുവൻ പിസിസി അധ്യക്ഷന്മാരെയും ഒരുമിച്ച് പ്രഖ്യാപിച്ചാൽ മതിയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതോടെ രണ്ടാം തവണയും അധ്യക്ഷപദം എന്ന സുധാകരന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടക്കം സമവായത്തിൽ എത്തിയാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ അധ്യക്ഷപദം നിലനിർത്താന്‍ കെ സുധാകരന് സാധിക്കൂ എന്ന് ഉറപ്പാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ