KERALA

കെ സുധാകരനെതിരെ പടയൊരുക്കം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് എംപിമാർ ഖാർഗെയെ കണ്ടു

കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ബെന്നി ബഹ്നാൻ, ടിഎൻ പ്രതാപൻ, ആന്റോ ആന്റണി, എം കെ രാഘവൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് മാറ്റണമെന്ന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചത്.

ദ ഫോർത്ത് - തിരുവനന്തപുരം

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാൻ വീണ്ടും നീക്കങ്ങൾ തുടങ്ങി. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടപ്പോൾ ഏഴ് എംപിമാർ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സുധാകരനെ മാറ്റണമെന്ന് മുൻപും ആവശ്യപ്പെട്ടിരുന്ന കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ എന്നിവർക്ക് പുറമേ ബെന്നി ബഹ്നാൻ, ടിഎൻ പ്രതാപൻ, ആന്റോ ആന്റണി, എം കെ രാഘവൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് മാറ്റണമെന്ന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചത്.

ആരോഗ്യ പ്രശ്നങ്ങളും നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ എംപിമാരുടെ നീക്കം.

സുധാകരനെ മാറ്റണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനേയും എംപിമാർ നേരത്തെ കണ്ടിരുന്നു. അവരുടെ നിർദേശമനുസരിച്ചാണ് ഖാർഗെയെ എംപിമാർ കണ്ടതെന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളും നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ എംപിമാരുടെ നീക്കം.

നിലപാട് പരസ്യമാക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾക്കും സുധാകരന്റെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഡൽഹി കേന്ദ്രീകരിച്ച് പുനഃസംഘടന സംബന്ധിച്ച ചരട് വലികൾ കൂടുതൽ ശക്തമാകും. അതേസമയം ഹൈക്കമാൻഡ് ഒരവസരം കൂടി നൽകുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന ഒരു വിഭാഗത്തിന്റെ വാദം ശരിയല്ലെന്ന് സുധാകരനൊപ്പം നിൽക്കുന്ന നേതാക്കൾ പറയുന്നു. ഇപ്പോഴും സംഘടനയെ ചലിപ്പിക്കാൻ ശേഷിയുള്ള നേതാവാണ് സുധാകരനെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ശശി തരൂർ

സംസ്ഥാനത്ത് നിലവിൽ നേതൃമാറ്റം ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരു വിഭാഗം എംപിമാർ അനാവശ്യ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരനൊപ്പമുള്ളവർ ആരോപിക്കുന്നു. ചില നീക്കങ്ങൾ മുൻപ് ഉണ്ടായപ്പോൾ എ കെ ആന്റണി, സുധാകരന് അനുകൂലമായ നിലപാടാണ് എടുത്തത്. അതുകൊണ്ട് തന്നെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് സുധാകരൻ ക്യാമ്പ് .

കൂടിക്കാഴ്ചയിൽ ശശി തരൂരിന് അനുകൂലമായ നിലപാട് എം കെ രാഘവന് പുറമേ കെ മുരളീധരനുമെടുത്തു. തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എടുക്കണമെന്ന ആവശ്യം ഇരുവരും ഹൈക്കമാൻഡിന് മുൻപിൽ വെച്ചിട്ടുണ്ട്. എ ഗ്രൂപ്പിന്റെ എംപിമാരും തരൂരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ