KERALA

പുറത്ത് അവസരങ്ങളുണ്ടെന്ന് പറയുന്നയാൾ എങ്ങനെ യഥാർത്ഥ കോൺഗ്രസുകാരനാകും? തരൂരിനെതിരെ മുല്ലപ്പള്ളി

ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ സ്ഥിരതയില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ്

ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കുമെന്ന വാർത്തകള്‍ക്കിടെ തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തോട് ബഹുമാനമാണ്, പക്ഷേ തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ സ്ഥിരതയില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

തരൂർ പറയുന്നത് തനിക്ക് മുന്നില്‍ രാഷ്ട്രീയ വഴികള്‍ മുന്നില്‍ തുറന്ന് കിടക്കുന്നുണ്ടെന്നും, ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും തന്നോട് താല്‍പര്യമുണ്ടെന്നുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ദ ഫോർത്തിനോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും എം പിയുമായ ഒരു വ്യക്തിക്ക് എങ്ങിനെയാണ് ഇത്തരത്തില്‍ ചിന്തിക്കുവാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് രാഷ്ട്രീയ അവസരങ്ങള്‍ തുറന്ന് കിടക്കുന്നതായി പറയുന്ന ഒരാള്‍ക്ക് എങ്ങിനെ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാകാന്‍ സാധിക്കുക?

കോണ്‍ഗ്രസുമായി വൈകാരിക ബന്ധമുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇത്തരത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. സംഘടനാ സംവിധാനത്തെ കുറിച്ചും, അതില്‍ കൊണ്ടു വരേണ്ട പരിഷ്‌കാരത്തെ കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിനപ്പുറം കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് രാഷ്ട്രീയ അവസരങ്ങള്‍ തുറന്ന് കിടക്കുന്നതായി പറയുന്ന ഒരാള്‍ക്ക് എങ്ങിനെ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാകാന്‍ സാധിക്കുകയെന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം. ഒരു കോണ്‍ഗ്രസുകാരന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ വേണം. കോണ്‍ഗ്രസില്‍ നിന്ന് അദാനിക്ക് അനുകൂലമായി നിലപാട് എടുക്കുന്ന ഒരു മനുഷ്യനെ എങ്ങനെ അംഗീകരിക്കാന്‍ സാധിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.

യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ ആശയവുമായി അടുപ്പമുള്ള ഒരാള്‍ക്ക് മാത്രമേ വോട്ട് നല്‍കാന്‍ സാധിക്കുകയുള്ളൂ

സംഘടനാ തിരഞ്ഞടുപ്പില്‍ തരൂര്‍ മത്സരിച്ചാല്‍ കെ പി സി സി തരൂരിനെ പിന്‍തുണക്കുമോ ഇല്ലയോ എന്ന കാര്യം അറിയില്ല. വ്യക്തിപരമായി വോട്ടവകാശമുള്ള ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുകളുണ്ട്. അതിനാല്‍ തന്നെ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ ആശയവുമായി അടുപ്പമുള്ള ഒരാള്‍ക്ക് മാത്രമേ വോട്ട് നല്‍കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധി കുടുംബം തന്നെ അധ്യക്ഷസ്ഥാനത്ത് വരണമെന്ന നിലപാടില്ല. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കുന്ന ഒരേ ഒരാള്‍ രാഹുല്‍ ഗാന്ധി മാത്രമാണ്. അദ്ദേഹവുമായി അടുത്ത വ്യക്തി ബന്ധമുണ്ട്.

വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്, അതിനാല്‍ തന്നെ അദ്ദേത്തെ നന്നായി അറിയാം.മതേതരമായി ചിന്തിക്കുന്ന, അഴിമതിയെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് രാഹുല്‍. അദ്ദേഹത്തിന് ഇന്ത്യ മുഴുവന്‍ അടിത്തറയുണ്ട്. അത്തരത്തിലുള്ള മറ്റൊരു നേതാവ് ഇന്ന് കോണ്‍ഗ്രസിനില്ല. പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയെ നയിക്കാന്‍ രാഹുലിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന ആരോപണം തള്ളിയ മുല്ലപ്പള്ളി തൃശൂരില്‍ വെച്ച് യാത്രയുടെ ഭാഗമാകുമെന്നും വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ