കേരളത്തിലെ കശ്മീരെന്നാണ് മൂന്നാര്‍ അറിയപ്പെടുന്നത്. മൂന്നാറില്‍ മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകളുടെ കാഴ്ച വളരെ അപൂര്‍വമായേ കാണാറുള്ളൂ. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടളഡാം, ടോപ്പ് സ്റ്റേഷന്‍ എന്നിവ കടന്ന് പാമ്പാടുംഷോലയിലേക്കെത്തുമ്പോഴാണ് ഈ മനം കുളിരുന്ന കാഴ്ച കാണാനാകുക. പകല്‍ അന്തരീക്ഷതാപനില കൂടുന്ന, നീലാകാശം കാണാന്‍ സാധിക്കുന്ന സമയങ്ങളില്‍ പിറ്റേദിവസം പുലര്‍ച്ചേ ഇവിടത്തെ താപനില മൈനസിലേക്കു പോകും. ഈ സമയമാണ് മലനിരകളില്‍ മഞ്ഞു വീഴുന്നത്. രാവിലെ 8-8.30 വരെ നീളുന്ന ഈ കാഴ്ച സൂര്യരശ്മികള്‍ പതിക്കുന്നതോടെ ഇല്ലാതാകും. പാമ്പാടുംഷോലയിലെ വനവകുപ്പ് ചെക്ക് പോസ്റ്റില്‍ 300 രൂപയടച്ചാല്‍ ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗുമാകാം. മാന്‍, മ്ലാവ്, പുലി, കടുവ, കരിങ്കുരങ്ങ്, ആന തുടങ്ങി നിരവധി മൃഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കുമെങ്കിലും നീലഗിരി മാര്‍ടെന്‍ എന്ന മൃഗമാണ് ഇവിടത്തെ പ്രധാനി. മൗസ് ഡീര്‍ എന്നറിയപ്പെടുന്ന കുഞ്ഞന്‍ മാനുകളാണ് ഇവയുടെ ആഹാരം. രാവിലെ ഒമ്പതു മുതല്‍ ട്രക്കിംഗ് തുടങ്ങും. രാവിലെ ആറു മുതല്‍ വനഭാഗത്തു കൂടി വട്ടവടയിലേക്കുള്ള യാത്രയും ആകാം. പാമ്പാടുംഷോല കഴിഞ്ഞാല്‍ മലനിരകളില്‍ കൃഷി നടക്കുന്ന മനോഹരമായ വട്ടവടയെന്ന ശീതകാല പച്ചക്കറി ഗ്രാമത്തിലെ സുന്ദരദൃശ്യങ്ങള്‍ ആസ്വദിക്കാം.