KERALA

'പശ്ചാത്തപിച്ചവരെ മക്കളായിക്കണ്ട് സ്വീകരിച്ചു'; ഹരിത നേതാക്കളെ തിരിച്ചെടുത്തത് മാപ്പെഴുതി നൽകിയിട്ടെന്ന് നൂര്‍ബിന റഷീദ്

മുസ്ലിം ലീഗിനുള്ളില്‍ വലിയതരത്തിലുള്ള പൊട്ടിത്തെറികള്‍ക്ക് കാരണമായ സംഭവമായിരുന്നു എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിതയിലെ' നേതാക്കള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത്

വെബ് ഡെസ്ക്

സംഘടന നടപടി നേരിട്ടശേഷം മുസ്ലിം ലീഗില്‍ തിരിച്ചെത്തിയ 'ഹരിത' നേതാക്കള്‍ക്കെതിരെ വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ്. ലീഗിന് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാ കമ്മിഷന് നല്‍കിയ കേസ് പിന്‍വലിച്ചശേഷവുമാണ് ഇവരെ തിരിച്ചെടുത്തതെന്ന് നൂര്‍ബിന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

''മാധ്യമങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഈ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്ത നിങ്ങളോട് അന്ന് സ്വന്തം മക്കളെപോലെയാണ് ആ പ്രവര്‍ത്തികളില്‍നിന്ന് പിന്മാറാന്‍ നമ്മുടെ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇന്ന് പശ്ചാത്തപിച്ച് നിങ്ങള്‍ മടങ്ങിവന്നപ്പോഴും സ്വീകരിക്കുന്നത് ആ സാത്വികരായ നേതാക്കള്‍ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണ്. ഒരു ഉമ്മയായ ഞാന്‍ ഏറെ വികാരവായ്‌പോടെയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്നത്,'' നൂര്‍ബിന കുറിപ്പില്‍ പറയുന്നു.

നൂര്‍ബിനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

''എംഎസ്എഫിലും ഹരിതയിലും കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നടപടി നേരിട്ടവരെ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണ്. കമ്മിഷനുകള്‍ വച്ച് കൃത്യമായ അന്വേഷണം നടത്തി പാര്‍ട്ടിക്ക് ബോധ്യമായ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാര്‍ട്ടി നടപടി കൈക്കൊണ്ടത്. ആ വിവാദം പാര്‍ട്ടിക്ക് ഉണ്ടാക്കിയ പരുക്ക് വളരെ ഗുരുതരമാണ്. ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്‌ക്ലബ്ബില്‍ പോയി അവതരിപ്പിച്ച ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ഇതെല്ലാം ആ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 'താലിബാന്‍ ലീഗെന്ന്' തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചെടുത്ത ചര്‍ച്ചകള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കേണ്ടി വന്ന ഈ പാര്‍ട്ടിയിലെ ലക്ഷക്കണക്കായ പ്രവര്‍ത്തകരെക്കുറിച്ച് ഇനിയെങ്കിലും അവര്‍ ചിന്തിക്കട്ടെ.

പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാ കമ്മിഷന് നല്‍കിയ കേസ് പിന്‍വലിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഇവര്‍ കടന്നുവന്നിരിക്കുന്നത്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല മാധ്യമങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഈ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്ത നിങ്ങളോട് അന്ന് സ്വന്തം മക്കളെപോലെയാണ് ആ പ്രവര്‍ത്തികളില്‍നിന്ന് പിന്മാറാന്‍ നമ്മുടെ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇന്ന് പശ്ചാത്തപിച്ച് നിങ്ങള്‍ മടങ്ങിവന്നപ്പോഴും സ്വീകരിക്കുന്നത് ആ സാത്വികരായ നേതാക്കള്‍ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണ്. ഒരു ഉമ്മയായ ഞാന്‍ ഏറെ വികാരവായ്‌പോടെയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ മക്കള്‍ തെറ്റ് തിരുത്തി കടന്നുവരുമ്പോള്‍ എത്ര സ്‌നേഹത്തോടെയാണ് നമ്മുടെ നേതാക്കള്‍ ആ കുട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നത്. തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ വലിച്ചെറിയാന്‍ ഇനിയെങ്കിലും അവര്‍ക്ക് കഴിയട്ടെ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്റെ വിശ്വാസവും സ്വത്വവും മുറുകെപ്പിടിച്ച് മുസ്ലിം സ്ത്രീകള്‍ രംഗപ്രവേശം നടത്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയാണ് വനിതാ ലീഗ്. 'അടുക്കള ലീഗെന്ന്' ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. വളരെ വേദന തോന്നിയ സമയമായിരുന്നു അത്. 30 വര്‍ഷം മുമ്പ് ഈ വനിതാ ലീഗ് പ്രസ്ഥാനത്തിന്റെ സാരഥ്യം പരിശോധിച്ചാല്‍, കാലഘട്ടത്തിന്റെ ഒഴുക്കിനെതിരെ പോരാടികൊണ്ടാണ് അഭ്യസ്തവിദ്യാരായ ഒരു പാട് വനിതകള്‍ പച്ചക്കൊടിയേന്തി മാതൃസംഘടനക്കു കരുത്തേകിയത് കാണാനാകും.

മക്കളെ പോറ്റിവളര്‍ത്തുന്ന കുടുംബിനികളായ ഇവിടുത്തെ ഉമ്മമാര്‍ അഭിമാനത്തോടെ ഇവിടുത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ എഴുന്നേറ്റ് നിന്നത് വനിതാ ലീഗ് പ്രസ്ഥാനത്തിലൂടെയാണ്. വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ കടന്നുവരേണ്ട അനിവാര്യതക്ക് വനിതാ ലീഗിന്റെ പങ്കും കണ്ടില്ല എന്നു നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. ഇസ്ലാമിന് നിരവധി ഹദീസുകള്‍ നല്‍കിയ സ്വഹാബത്തുകളെ നിരാകരിച്ചു കൊണ്ട് മുസ്ലിം പെണ്‍കുട്ടികളെ ലിബറിലിസത്തിലേക്ക് തള്ളിവിടാനായി നിര്‍മ്മിച്ച ആശയമാണ് 'ഇസ്ലാമിക ഫെമിനിസം'. ഈ ആശയം തലയിലുള്ളവര്‍ മുസ്ലിം ലീഗ് ആദര്‍ശത്തിന് തന്നെ വിരുദ്ധരാണ്. ഇത്തരത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും ഇവര്‍ വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.''

മുസ്ലിം ലീഗിനുള്ളില്‍ വലിയതരത്തിലുള്ള പൊട്ടിത്തെറികള്‍ക്ക് കാരണമായ സംഭവമായിരുന്നു എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിതയിലെ' നേതാക്കള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത്. 2021 ജൂണ്‍ 22-ന് എംഎസ്എഫിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ലൈംഗികമായി അധിക്ഷേപിച്ച് സംസാരിച്ചതായി ചൂണ്ടിക്കാട്ടി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയതോടയാണ് വിവാദത്തിന് തുടക്കം. കമ്മിഷന് ലഭിച്ച പരാതി പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് ചെമ്മനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി കെ നവാസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, മുസ്ലിം ലീഗ് നേതാക്കള്‍ ഇടപെട്ട് വിഷയം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലം ഹരിത നേതാക്കള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഹരി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട്, ഹരിതയെ പിന്തുണ ഫാത്തിമ തഹ് ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നീക്കുകയും ചെയ്തു.

എംഎസ്എഫ് സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് ഇവരെ യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്തിരിക്കുന്നത്. എംഎസ്എഫ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ, ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തസ്‌നി, മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പി കെ നവാസിനെതിരെ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചെടുത്തത്. ഫാത്തിമ തഹലിയയ്ക്ക് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനവും നല്‍കിയിട്ടുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍