KERALA

സുപ്രഭാതം ദുബായ് എഡിഷന്‍ ഉദ്ഘാടന ബഹിഷ്കരണം: മുസ്ലിം ലീഗ് - സമസ്ത ഭിന്നത കൂടുതൽ ആഴത്തിലേക്ക്

വെബ് ഡെസ്ക്

ദുബായിൽ നടന്ന സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനച്ചടങ്ങിൽ ലീഗ് നേതാക്കൾ പങ്കെടുക്കാത്തത് പുതിയ രാഷ്ട്രീയപ്പോരിന് തിരി കൊളുത്തുകയാണ്. ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യണമെന്ന് നിശ്ചയിച്ചിരുന്ന ചടങ്ങ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ക്ഷണമുണ്ടായിട്ടും ലീഗ് നേതാക്കളാരും പരിപാടിയിൽ പങ്കെടുക്കാത്തത് സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത കൂടുതൽ ആഴത്തിലേക്കു നയിച്ചേക്കും.

മുസ്ലിം ലീഗിന്റെ സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് നടക്കുന്നതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നതെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ആദ്യമായിട്ടാണ് സമസ്തക്കെതിരെ ഒരു ലീഗ് നേതാവിൽനിന്ന് പരസ്യമായ പ്രതികരണമുണ്ടാവുന്നത്.

എന്നാൽ യോഗമൊരു കാരണമാക്കിയവർ തന്നെ സമസ്തയെ തള്ളിപ്പറഞ്ഞതോടെ പരിപാടിയോട് മനഃപ്പൂർവം മുഖം തിരിച്ചതാണെന്നു വ്യക്തം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സുപ്രഭാതത്തിന്റെ നടപടികൾ ലീഗിനു വിഷമമുണ്ടാക്കിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതായത്, ഇടതുപക്ഷത്തിന് അനുകൂലമായി പരസ്യം പ്രസിദ്ധീകരിച്ചത്, ലീഗിനെ വിമർശിച്ച് സുപ്രഭാതത്തിൽ വന്ന ലേഖനം, ഉമർഫൈസിയുടെ പ്രതികരണം, പൊന്നാനിയിൽ ലീഗിനു കിട്ടേണ്ട വോട്ട് ചോർത്താൻ നടത്തിയ പ്രവർത്തനങ്ങൾ തുടങ്ങിയവ ലീഗിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയെന്ന് ചുരുക്കം. അപ്പോഴും സുപ്രഭാതം ബഹിഷ്കരിക്കാന, മറ്റെന്തെങ്കിലും നടപടികൾക്കോ ആഹ്വാനം ചെയ്തിട്ടില്ലെന്ന് പറയുന്ന ലീഗ് നേതൃത്വം ഉദ്ഘാടനച്ചടങ്ങിൽനിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്.

സാദിഖലി തങ്ങളോട് പരിപാടിയിൽ പങ്കെടുക്കണമെന്ന് സമസ്ത നേതൃത്വം പലതവണ ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ സൗകര്യമനുസരിച്ച് തിയ്യതികളിൽ മാറ്റം വരുത്താനും ശ്രമിച്ചിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരോട് പരിപാടിയിൽ പങ്കെടുക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ പ്രശ്നങ്ങൾക്കുപുറമെ പത്രത്തിന്റെ പേരിലും പുതിയ വിവാദങ്ങൾ പുകയുകാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ചതിലുണ്ടായ വിവാദത്തിനു പിന്നാലെ ചന്ദ്രികയെ വിമർശിച്ച് സുപ്രഭാതത്തിൽ ഹമീദ് ഫൈസി അമ്പലക്കടവ് ലേഖനം എഴുതിയിരുന്നു.

എന്നാൽ അടുത്ത ദിവസം സുപ്രഭാതത്തിലെ ലേഖനത്തിനെതിരെ ആഞ്ഞടിക്കുന്ന ഭാഷയിൽ ചന്ദ്രികയിലും ലേഖനം വന്നു. സമസ്തയും ലീഗും തമ്മിലുള്ള പോര് പത്രത്തിലേക്കു വഴിമാറുമ്പോഴാണ് സുപ്രഭാതം ഗൾഫ് എഡിഷനും പുറത്തിറങ്ങുന്നത്. സുപ്രഭാതം ഗൾഫ് എഡിഷന് പിന്നാലെ ചന്ദ്രികയുടെ ഗൾഫ് ഡിജിറ്റലും ഇപ്പോൾ പ്രഖ്യാപിക്കുകയുണ്ടായി. സുപ്രഭാതത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലീഗ് നേതൃത്വം വിട്ടുനിന്നതിനെ മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചത് സദസ്സിലുള്ളവർ തക്ബീർ ചൊല്ലിയായിരുന്നു ഏറ്റെടുത്തത്.

രാജ്യസഭയിലേക്ക് ആര്?

സമസ്തയിലെ ലീഗ് വിരുദ്ധരോട് ഇടഞ്ഞുനിൽക്കാൻ തന്നെയാണ് മുസ്ലിം ലീഗിന്റെ തീരുമാനം. ലീഗ് വിരുദ്ധരായ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുശാവറ അംഗം ഉമർ ഫൈസി മുക്കം തുടങ്ങിയവരാണ് ഇടക്കാലത്ത് മുസ്ലിം ലീഗിനെതിരെ തുടർച്ചയായി രംഗത്തെത്തുന്നത്. ഇവർ പലപ്പോഴും സമസ്തക്കും തലവേദനയുണ്ടാക്കുന്നുണ്ട്. ഇവരെ അവഗണിക്കുന്നതിന് ഒപ്പം ജിഫ്രി തങ്ങളുമായുളള ബന്ധം ദൃഢമാക്കുകയാണ് ലീഗിന്റെ ലക്ഷ്യം.

അൻവർ അമീൻ ചേലാട്ട്

രാജ്യസഭ സീറ്റിലേക്ക് പിഎംഎ സലാമിനെ പരിഗണിക്കുന്ന ചർച്ച ഉയർന്നുവരാനുള്ള കാരണവും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുജാഹിദ് വിഭാഗക്കരാനായ സലാമിനെതിരെ സമസ്ത നേതാക്കൾ പലഘട്ടങ്ങളിലും വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സമസ്തയ്ക്കും പ്രിയപ്പെട്ട ഒരാളാണ് വരുന്നതെങ്കിൽ നിലവിലെ സമസ്ത - ലീഗ് ഭിന്നതയ്ക്കു കുറച്ചെങ്കിലും പരിഹാരമാവും.

രാജ്യസഭയിലേക്കു ലീഗ് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ കാര്യമായ ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. വിദേശ വ്യവസായിയും മലപ്പുറം തിരൂർ സ്വദേശിയുമായ അൻവർ അമീൻ ചേലാട്ടിന്റെ പേര് ഉയർന്നുകേൾക്കുന്നുണ്ട്. മറ്റൊരു പേര് യൂത്ത് ലീഗിന്റെ ഫൈസൽ ബാബുവിന്റേതാണ്. രാജ്യസഭ സീറ്റ് ലീഗിന് നൽകാമെന്ന് തീരുമാനിക്കുന്ന ഘട്ടത്തിൽ തന്നെ യൂത്ത് ലീഗ് നേതാക്കൾ മുതിർന്ന നേതാക്കളുമായി യൂത്ത് ലീഗിനെ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പക്ഷേ, ഇത്തവണയും യുവാക്കളെ പരിഗണിക്കില്ലെന്നാണ് സൂചന.

സമസ്തയുമായുള്ള പ്രശ്നപരിഹാരത്തിന് വേദിയൊരുങ്ങിയില്ലെങ്കിൽ സമസ്ത- ലീഗ് ഭിന്നത തുറന്നപോരിലേക്ക് എത്തുമെന്നതിൽ സംശയമില്ല. അതിനു ചുക്കാൻ പിടിക്കാൻ സാധ്യതയുള്ള ലീഗ് വിരുദ്ധരെ ചെറുക്കൽ തന്നെയാണ് ലീഗിനു മുന്നിലുള്ള പോംവഴി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം