വിവാദമായ മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാര്‍ പ്ലീഡറായിരുന്ന ജോസഫ് മാത്യു ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് വയനാട് മുന്‍ കളക്ടറും നിലവില്‍ ഫിഷറീസ് ഡയറക്ടറുമായ അദീല അബ്ദുള്ള. സര്‍ക്കാര്‍ ഉത്തരവില്‍ സങ്കേതിക പ്രശ്നമുള്ളതായി കാണിച്ച് 2020 ഡിസംബര്‍ മാസത്തില്‍ തന്നെ റവന്യൂ സെക്രട്ടിറിക്ക് കത്ത് നല്‍കിയിരുന്നതായി അദീല അബ്ദുള്ള 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.
തന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പുറത്തിറക്കിയ 24/10/2020 ലെ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതെന്നും അദീല അബ്ദുള്ള വ്യക്തമാക്കി. കേരളത്തിലെ മറ്റു ജില്ലകളിലും മുട്ടിലിലേതിന് സമാനമായ മരം മുറികൾ നടന്നിട്ടുണ്ട്. ഏതെങ്കിലും കളക്ടർമാർ റവന്യൂ വകുപ്പിന് കത്ത് നൽകിയിട്ടുണ്ടോ എന്നും അദീല അബ്ദുള്ള ചോദിച്ചു. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉൾപ്പെടെ നടത്തുന്ന അന്വേഷണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
വിവാദമായ മുട്ടിൽ മരം മുറി കേസിൽ മുൻ വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ളക്കും, അന്നത്തെ വൈത്തിരി തഹസിൽദാർ ഹാരിസിനും നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി സർക്കാർ പ്ളീഡറായിരുന്ന അഡ്വ. ജോസഫ് മാത്യു 'ദ ഫോര്‍ത്തി'നോട് വെളിപ്പെടുത്തിയിരുന്നു. താൻ നിയമോപദേശം നൽകിയിട്ടും രേഖാമൂലം പരാതി വന്നിട്ടും മരംമുറി നിർത്തിവെക്കാൻ കളക്ടറും തഹസിൽദാരും ഇടപെട്ടില്ലെന്നായിരുന്നു ജോസഫ് മാത്യുവിന്റെ ആരോപണം. കളക്ടറും തഹസിൽദാരും ഇടപ്പെട്ടിരുന്നെങ്കിൽ കോടികളുടെ മരംകൊള്ള തടയാമായിരുന്നെന്നും ജോസഫ് മാത്യു പറഞ്ഞിരുന്നു. മരം കൊണ്ടുപോകുന്നതിന് പാസ് അനുവദിക്കാമോ എന്ന് വനംവകുപ്പ് കളക്ടറോടും തഹസിൽദാരോടും ആവർത്തിച്ച് രേഖാമൂലം ചോദിച്ചിട്ടും ഇരുവരും മറുപടി നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.