KERALA

മുട്ടില്‍ മരംമുറിക്കേസില്‍ 84600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു; ആകെ 12 പ്രതികള്‍

വെബ് ഡെസ്ക്

വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഗസ്റ്റിന്‍ സഹോദരന്‍മാരായ ജോസൂട്ടി അഗസ്റ്റിന്‍, ആന്‌റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ മുഖ്യപ്രതികളാക്കി 84600 പേജുള്ള കുറ്റപത്രാണ് സമര്‍പ്പിച്ചത്. ഇതിനൊപ്പം അനുബന്ധ കുറ്റപത്രം കൂടി നല്‍കും. സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്. മരംമുറി സംഘത്തെ സഹായിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് ആകെയുള്ളത്.

മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് 104 സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. അന്വേഷണം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. 85 മുതല്‍ 574 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് കാട്ടി കര്‍ഷകരെ വഞ്ചിച്ചു, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമാണ് കുറ്റങ്ങള്‍.

2020 ഒക്ടോബര്‍ 24ന് ഇറങ്ങിയ വിവാദ സര്‍ക്കാര്‍ ഉത്തരവിന്റെ മറപറ്റിയാണ് മുട്ടിലില്‍നിന്ന് വിലകൂടിയ മരങ്ങള്‍ വെട്ടിമാറ്റുകയും കടത്തുകയും ചെയ്തത്. നൂറുകണക്കിന് വര്‍ഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങള്‍ പോലും സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വെട്ടിമാറ്റി. കണക്കുകള്‍ പ്രകാരം മുട്ടില്‍ വില്ലേജില്‍നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.

കോടികളുടെ വനംകൊള്ള നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറത്തുവന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ആദിവാസികളായ ഭൂവുടമകള്‍ മരം മുറിക്കാന്‍ നല്‍കിയ അനുമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 104 മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മുട്ടിലില്‍നിന്ന് മുറിച്ചെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും