KERALA

'സംസ്കാരത്തിനെതിര്‌'; പ്രണയരംഗം ഉൾപ്പെടുന്ന അഡ്‌മിഷൻ പരസ്യ വീഡിയോ തള്ളിപ്പറഞ്ഞ് മൂവാറ്റുപുഴ നിർമല കോളേജ്

എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരാണ് വീഡിയോ എന്നാണ് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്

വെബ് ഡെസ്ക്

കോളേജിന്റെ പേരിൽ പ്രചരിക്കുന്ന പ്രണയരംഗം ഉൾപ്പെട്ട അഡ്മിഷൻ പരസ്യ വീഡിയോയെ തള്ളിപ്പറഞ്ഞ് മൂവാറ്റുപുഴ നിർമല കോളേജ്. എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരാണ് ഈ വീഡിയോയെന്നാണ് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണ് വീഡിയോയെന്നും അത് കോളേജിന്റെ അറിവോടുകൂടിയല്ലെന്നും കുറിപ്പിൽ പറയുന്നു.

1990കളിലിറങ്ങിയ 'നിറക്കൂട്ട്' എന്ന സിനിമയിലെ "പൂമാനമേ.." എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പുറത്ത് വന്ന വീഡിയോ. കോളേജ് ലൈബ്രറിയിൽ പ്രണയിക്കുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും രംഗങ്ങളാണ് വീഡിയോയിലുള്ളത്.

ലൈബ്രറിയിൽ പുസ്തകം ആസ്വദിച്ചു വായിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടിയിൽനിന്നാണ് ഹ്രസ്വ വീഡിയോയുടെ തുടക്കം. വായനക്കിടെ ആൺകുട്ടിയുടെ ശ്രദ്ധ ലൈബ്രറിയിൽ പുസ്തകം പരതുന്ന പെൺകുട്ടിയിൽ പതിയുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നു.

എന്നാൽ വീഡിയോ അവസാനിക്കുന്നത് ആൺകുട്ടി മുട്ടത്ത് വർക്കിയുടെ 'ഇണപ്രാവുകൾ' വായിച്ചുകൊണ്ടിരിക്കുന്ന രംഗത്തിലാണ്. ഇതാണ് വീഡിയോയിലെ സസ്പെൻസ്. വായന നിങ്ങളുടെ മനസിനെയും ഭാവനയെയും ഉണർത്തുമെന്ന് എഴുതിക്കാണിക്കുന്നതോടെയാണ് വീഡിയോയിലെ സസ്പെൻസ് മനസിലാവുക.

വീഡിയോയിൽ നിന്നുള്ള രംഗം

തുടർന്ന് വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ എന്നും 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നുവെന്നും എഴുതിക്കാണിക്കുന്നു.

കോളേജിൽ വളരെ അലസമായ ചുറ്റുപാടാണന്നു തോന്നിപ്പിക്കുന്ന വീഡിയോ മുന്നോട്ടുവെയ്ക്കുന്ന ആശയം വസ്തുതാപരമായി ശരിയല്ലെന്നും വീഡിയോയിൽ കാണിച്ചിട്ടുള്ള ലൈബ്രറി നിർമല കോളേജിൽ അല്ലെന്നും പ്രിൻസിപ്പൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നു പറയുന്ന കുറിപ്പ്, വീഡിയോ കാരണം മനോവിഷമം നേരിട്ട പൂർവവിദ്യാർഥികളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ