സഭാ തര്‍ക്ക വിഷയത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍. സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്ന സര്‍ക്കാര്‍ നീക്കത്തില്‍ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട് പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ചതായി സഭ പ്രതിനിധികള്‍ അറിയിച്ചു.
സഭാ സെക്രട്ടറി ബിജു ഉമ്മന്‍, സിനഡ് സെക്രട്ടറി മെത്രാപ്പോലീത്ത, അൽമായ സെക്രട്ടറി റോണി വര്‍ഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാര്‍ട്ടി സെക്രട്ടറിയെ കണ്ടത്. കോട്ടയത്ത് വെച്ചായിരുന്നു അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നത്.
സുപ്രീംകോടതി വിധി പ്രകാരം ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കുകയും യാക്കോബായ സഭയ്ക്ക് ആരാധാനാ സ്വാതന്ത്ര്യം നല്‍കിയുമുള്ള നിയമനിർമാണത്തിനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു. മുൻപും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമനിര്‍മാണ സാധ്യത പരിഗണിച്ചിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വലിയ എതിര്‍പ്പുന്നയിച്ചതിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.