പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങനെ വോട്ട് വാങ്ങിയിട്ടില്ലെങ്കിൽ എൽഡിഎഫ് ജയിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
'' ആര് ജയിക്കും, തോൽക്കും എന്നതിൽ വെറുതെ അവകാശവാദങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദം ഉന്നയിക്കില്ലെന്ന് എൽഡിഎഫ് ആദ്യമേ വ്യക്തമാക്കിയിരുന്നു. ശക്തമായ സംഘടനാ- രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമായി ജയിക്കാൻ സാധ്യതയുണ്ടെന്നാണ് ആദ്യംമുതൽ പറഞ്ഞത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളത്'' - എം വി ഗോവിന്ദൻ പറഞ്ഞു.
ബിജെപിക്ക് മണ്ഡലത്തിൽ പത്തൊൻപതിനായിരത്തിനടുത്ത് വോട്ടുകളുണ്ട്. ആ വോട്ടുകൾ യുഡിഎഫ് വാങ്ങിയോ എന്ന് സംശയിക്കുന്നു. വോട്ടെണ്ണിയാൽ മാത്രമെ ആ ചിത്രം വ്യക്തമാകൂ - സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പുതുപ്പള്ളി വിധിയോടെ സംസ്ഥാന സർക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയാണെന്നും രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ ആണിക്കല്ല് ഇളക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം.