ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ പിറവം ജലോത്സവത്തില്‍ കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍, കാട്ടില്‍ തെക്കേതിലിനെയും ചമ്പക്കുളത്തെയും പിന്നിലാക്കിയാണ് നടുഭാഗം ചുണ്ടന്‍ ലീഗിലെ രണ്ടാം കിരീടം സ്വന്തമാക്കിയത്. കരുവാറ്റയില്‍ നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കള്‍. ലീഗിന്റെ രണ്ടാം സീസണിലെ നാലാമത് ജലോത്സവമാണ് പിറവത്ത് നടന്നത്.
ലീഗിലെ ആദ്യ മത്സരമായ നെഹ്‌റു ട്രോഫിയിലും മൂന്നാം മത്സരമായ പുളിങ്കുന്നം ജലോത്സവത്തിലും ഒന്നാം സ്ഥാനക്കാരായ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ഇക്കുറി രണ്ടാം സ്ഥാനത്തായി. കേരള പൊലീസ് ബോട്ട് ക്ലബ്ബാണ് ചമ്പക്കുളം ചുണ്ടന്‍ തുഴഞ്ഞത്. പുളിങ്കുന്നില്‍ ചമ്പക്കുളം അഞ്ചാം സ്ഥാനത്തായിരുന്നു.
കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത്. കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചിരുന്നില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.