ഭിന്നതകളും വിമര്‍ശനങ്ങളും രൂക്ഷമായി തുടരുന്നതിനിടെ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. 45,536 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളക്ക് കൊളുത്തി.
ദേശീയ പാത വികസന വിഷയത്തില്‍ പാര്‍ലമെന്റില്‍ കേരളത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റില്‍ രാജ്യത്തെ റോഡ് നിര്‍മാണത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേരളത്തിനെതിരെ കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
പാര്‍ലമെന്റില്‍ രാജ്യത്തെ റോഡ് നിര്‍മാണത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേരളത്തിനെതിരെ കേന്ദ്രമന്ത്രിയുടെ വിമര്‍ശനം
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത പണിയാന്‍ 100 കോടി രൂപയാണ് ചെലവ്. ഹൈവേ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25ശതമാനം തരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നുവെങ്കിലും അതില്‍ നിന്ന് പിന്മാറിയെന്നും നിതിന്‍ ഗഡ്കരി ആരോപിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രി കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചത്. ദേശീയപാത വികസനം വഴി കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ കേരളം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. പക്ഷേ ടൂറിസം മേഖലയിലെ വികസനത്തിന് മികച്ച റോഡുകള്‍ വേണം. പക്ഷേ ഭൂമി ഏറ്റെടുക്കലുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് വാഹനങ്ങളുടെ സാന്ദ്രത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുബൈ - കന്യാകുമാരി വ്യാവസായിക - സാമ്പത്തിക ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. ഇതിന് പുറമെ കൊച്ചി - തൂത്തുക്കുടി ഇടനാഴിയും നിലവില്‍ വരും. മൈസൂര്‍ - മലപ്പുറം ഇടനാഴിയാണ് മൂന്നാമത്തേത്. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് വളരെ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം 2023 മാര്‍ച്ചിന് മുന്‍പ് പദ്ധതിക്ക് പണം നല്‍കുമെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി. അരൂരില്‍ നിര്‍മിക്കുന്ന ആകാശപാത രാജ്യത്തെ ഏറ്റവും നീളം കൂടിയതായിരിക്കും. 2025ല്‍ അമേരിക്കന്‍ നിലവാരത്തില്‍ കേരളത്തിലെ റോഡുകള്‍ മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലിന് പണം നല്‍കാനുള്ള പ്രശ്‌നം മുഖ്യമന്ത്രി അറിയിച്ചിരുന്നതായും ഇതിന് പരിഹാരം കാണുമെന്ന ഉറപ്പും കേന്ദ്രമന്ത്രി ചടങ്ങില്‍ അറിയിച്ചു.
നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ സംസാരിച്ചത്. റോഡ് വികസനത്തിന് താല്പര്യം എടുത്ത് കേന്ദ്രമന്ത്രി ഒപ്പം നിന്നു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വെല്ലുവിളിയായപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ 25% സംസ്ഥാനം നല്‍കാമെന്ന് തീരുമാനമായത് നിതിന്‍ ഗഡ്ഗരിയുമായി നടത്തിയ ചര്‍ച്ചയിലാണ്. ദേശീയപാത വികസനം വര്‍ഷങ്ങളായി വൈകിയത് വിനയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് നിതിന്‍ ഗഡ്കരിയുടെ ഇടപെടല്‍ സഹായമായെന്ന് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് 25% വഹിച്ചത് സംസ്ഥാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.