കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ കോടതിയെ സമീപിച്ചു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയത്.
തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ, താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ്എ ചടങ്ങിന് എത്തിയതെന്ന ആരോപണം തള്ളി. കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നു ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
നവീന്‍ ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാനും ദിവ്യ തയാറായി. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി നവീന്‍ ബാബുവിനെതിരേ നേരത്തെയും ഉണ്ടായിരുന്നുവെന്നും പ്രശാന്തനു പുറമേ ഗംഗാധരന്‍ എന്നൊരാളും എഡിഎമ്മിനെതിരേ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ദിവ്യ ജാമ്യഹര്‍ജിയില്‍ പറയുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശ്യം മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും തന്റെ പ്രസംഗം ഏതെങ്കിലും വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിയിടാനായിരുന്നില്ലെന്നും പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ തെറ്റുചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.