യുവസംവിധായിക നയന സൂര്യന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ വിശദമായ പരിശോധനകള്‍ക്ക് ഒരുങ്ങി ക്രൈം ബ്രാഞ്ച്. നയന കൊല്ലപ്പെട്ട് നാല് വര്‍ഷങ്ങള്‍ക്കുശേഷം പുനഃരന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇതിന്റെ ഭാഗമായി നയനയുടെ മരണകാരണം കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്ത് നല്‍കും. പ്രത്യേകമായി രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും.
നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ ഓഫീസ് ക്രൈംബ്രാഞ്ചിന് കൈമാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ആരംഭിക്കുന്ന കേസന്വേഷണത്തില്‍ തെളിവുശേഖരണമാകും ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരുടെയോ ശാസ്ത്ര പരിശോധനാ വിദഗ്ധരുടെയോ പരിശോധന നടത്തിയിരുന്നില്ല. സുപ്രധാന തെളിവായ നയനയുടെ നഖവും മരണസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങളും ഇപ്പോള്‍ പോലീസിന്റെ പക്കലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കംമുതല്‍ തന്നെ പോലീസ് അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മരണം സംബന്ധിച്ച പോലീസ് ഭാഷ്യം തള്ളി നയനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ശശികല രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യതയടക്കം താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയാണ് മൊഴി തയ്യാറാക്കിയതെന്നാണ് ഡോ. കെ ശശികല വ്യക്തമാക്കിയത്.