സംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നിടത്ത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് ഇവ കണ്ടെടുത്തത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തില്‍ നിന്നുമെടുത്ത വസ്ത്രങ്ങള്‍ ഇപ്പോഴും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. നയനയുടെ വസ്ത്രങ്ങള്‍, അടിവസ്ത്രം, തലയിണ ഉറ, പുതപ്പ് എന്നിവ കോടതി മ്യൂസിയം പോലീസിന് കൈമാറിയിരുന്നു.
കേസിലെ പ്രഥമ തെളിവായ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പോലീസിന്റെ പക്കല്‍ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. നയനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തുടക്കം മുതല്‍ പോലീസിന് വീഴ്ചകള്‍ സംഭവിച്ചിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. മരണം സംബന്ധിച്ച പോലീസ് ഭാഷ്യം തള്ളി നയനയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ശശികല രംഗത്തെത്തിയിരുന്നു. ഒരു തരത്തിലുള്ള ഫോറന്‍സിക് പരിശോധനയും നടന്നിട്ടില്ലെന്ന് ഫോറന്‍സിക് ലാബ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ് പിയും വെളിപ്പെടുത്തി. വിരലടയാളങ്ങള്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക പരിശോധനകളൊന്നും നടന്നില്ലെന്നായിരുന്നു ആരോപണം.
നിലവില്‍ പുതിയ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ കേസില്‍ മൊഴിയെടുപ്പ് തുടരുകയാണ്. നയന വാടകയ്ക്ക് താമസിച്ചിരുന്ന വെള്ളയമ്പലം ആല്‍ത്തറയിലെ വീട്ടിൽ പ്രധാന സാക്ഷി മെറിനൊപ്പമെത്തി പോലീസ് തെളിവെടുപ്പും നടത്തിയിരുന്നു.
2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ നയനാ സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് മ്യൂസിയം പോലീസ് അന്വേഷണം നടത്തിയത്