തെക്കന്‍ കുവൈറ്റിലെ അഹ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ ഉണ്ടായ തീപ്പിടിത്ത ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് എന്‍ബിടിസി മാനേജിങ് ഡയറക്ടര്‍ കെ ജി എബ്രഹാം. മനുഷ്യരെ വേര്‍തിരിച്ച് കാണാറില്ലെന്നും തൊഴിലാളികളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അറിയാന്‍ കഴിഞ്ഞു. ക്യാമ്പുകളില്‍ കൃത്യമായ പരിശോധനകള്‍ നടത്താറുള്ളതാണ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടമായിരുന്നു അത്. എന്നാലും അപകടത്തിന്റെ ഉത്തരവാദത്തം ഏല്‍ക്കുന്നു. ഒന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നില്ല'' -എബ്രഹാം പറഞ്ഞു.
അപകടത്തില്‍പ്പെട്ട എല്ലാവരുടെയും കുടുംബാംഗങ്ങളെ നേരില്‍ കാണുമെന്നും തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹയം വ്യക്തമാക്കി. കുവൈത്ത് സര്‍ക്കാരും ഇന്‍്ത്യന്‍ എംബസിയും കേന്ദ്ര സര്‍ക്കാരും കൃത്യമായി ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി എന്‍ബിടിസി കമ്പനി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ 24 മലയാളികള്‍ ഉള്‍പ്പടെ അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കേരളം, തമിഴ്നാട് എന്നിവയ്ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഇതിനു പിന്നാലെ കമ്പനിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനുമതിയുള്ളതിലും കൂടുതല്‍ ആളുകളെ കെട്ടിടത്തില്‍ പാര്‍പ്പിച്ചിരുന്നതായും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതായും ആരോപണമുണ്ട്. കമ്പനി ഉടമകളുടെ അത്യാഗ്രഹത്തിന്റെ ഫലമെന്നായിരുന്നു അപകടത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ പറഞ്ഞത്. കുവൈറ്റ് ഭരണകൂടം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ കമ്പനി തള്ളി. അപകടത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയില്‍ കുവൈറ്റിലുള്ള ഏറ്റവും നല്ല താമസ സൗകര്യങ്ങളില്‍ ഒന്നാണ് കമ്പനിക്കുള്ളതെന്നും എസിയുള്ള കെട്ടിടങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. എല്ലാ നിയമങ്ങളും പാലിച്ചും നിയമപരമായി അനുവദിച്ചിരിക്കുന്നതിലും കുറവില്‍ അളുകളെ മാത്രമാണ് താമസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്തു കെ ജി എബ്രഹാം രംഗത്തുവന്നത്.