KERALA

'പാഠപുസ്തകങ്ങളിലെ പേരുമാറ്റം ആശയക്കുഴപ്പമുണ്ടാക്കും'; പ്രധാനമന്ത്രിക്ക് വി ശിവൻകുട്ടിയുടെ കത്ത്

എൻ‌സി‌ഇ‌ആർ‌ടിയുടെ ഇപ്പോഴത്തെ നിലപാട് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്കയുണ്ടാക്കുന്നു

വെബ് ഡെസ്ക്

രാജ്യത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഇന്ത്യയെന്ന പദം മാറ്റി ഭാരതം എന്നാക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും കത്തയച്ചു. പേരുമാറ്റം ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും വി ശിവൻകുട്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ സ്വത്വത്തിനുള്ളിൽ  ഇന്ത്യയ്‌ക്കൊപ്പം നിലനിൽക്കുന്നതാണ്  ഭാരത്  എന്ന പദം

ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ് രാജ്യത്തിന്റെ സ്വത്വം. ആ സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ് 'ഇന്ത്യ' എന്ന പേര്. ദേശീയ സ്വത്വത്തിനുള്ളിൽ  ഇന്ത്യയ്‌ക്കൊപ്പം നിലനിൽക്കുന്നതാണ്  ഭാരത്  എന്ന പദം. ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തെ ‘ ഇന്ത്യ' എന്നും 'ഭാരതം' എന്നും പരാമർശിക്കുന്നു.  തലമുറകളായി, 'ഇന്ത്യ' എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാർഥികൾ പഠിച്ചു. ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന നിലയുണ്ടാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

എൻ‌സി‌ഇ‌ആർ‌ടിയുടെ ഇപ്പോഴത്തെ നിലപാട് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നതാണ്. ഇത്തരം ശുപാർശകൾ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള എൻസിഇആർടി പാനലിന്റെ നിർദ്ദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഇതിനൊപ്പം നിലവിലെ സ്ഥിതി നിലനിർത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വൈവിധ്യമാർന്ന രാജ്യത്തിന്റെ ഐക്യത്തിനും ഗുണം ചെയ്യുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍