അച്ചടക്ക ലംഘനം ആരോപിച്ച് തോമസ് കെ തോമസ് എംഎല്‍എയ്ക്കെതിരെ നടപടിയെടുത്ത് എൻസിപി കേന്ദ്ര നേതൃത്വം. പ്രവർത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസിനെ എന്‍സിപി പുറത്താക്കി. കുട്ടനാട് പാടശേഖരത്തിൽ കാർ അപകടത്തിൽപെടുത്തി തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തലില്‍ എന്‍സിപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നല്‍കി. വ്യവസായിയും എൻസിപി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനാണ് ഇതിനു പിന്നിലെന്ന് പരാതിയിൽ ആരോപിച്ചു. പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി.
പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്‍ഛികമായി വണ്ടി വെള്ളത്തിൽ വീണു എന്ന് വരുത്തിത്തീർക്കാനും കൊലപ്പെടുത്താനുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം
തിരുവനന്തപുരത്തുനിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് തോമസ് കെ തോമസ് ആരോപിച്ചത്. പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്‍ഛികമായി വണ്ടി വെള്ളത്തിൽ വീണു എന്ന് വരുത്തിത്തീർക്കാനും ഡ്രൈവറുടെ വശത്തെ ഗ്ലാസ് ഡോർ താഴ്ത്തി രക്ഷപ്പെടാനും തന്റെ ഭാഗത്തെ ഡോർ ലോക്ക് ചെയ്ത് ജീവഹാനി വരുത്താനുമാണ് നോക്കിയതെന്ന് പരാതിയിൽ അദ്ദേഹം പറഞ്ഞിരുന്നു. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു പദ്ധതിയെന്നും ആരോപിച്ചു.
തന്നെ അപകീർത്തിപ്പെടുത്താൻ നേരത്തേ മൂന്നു സംഭവങ്ങൾ ഇവർ തന്നെ സൃഷ്ടിച്ചതായും തോമസ് കെ തോമസ് ആരോപിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉപയോഗപ്പെടുത്തി ജയിലിൽ അടച്ചു, നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കാനാണ് നോക്കിയത്. എന്നാൽ, പോലീസ് അന്വേഷണത്തിൽ ഇതെല്ലം പൊളിഞ്ഞതോടെയാണ്, കൊല്ലാൻ ശ്രമം നടത്തിയത്. ഇതിന്റെയെല്ലാം പിന്നിൽ റെജി ചെറിയാനാണ്.' പരാതിയിൽ പറയുന്നു.
തോമസിന്റെ മുൻ ഡ്രൈവർ തോമസ് കുരുവിള (ബാബുക്കുട്ടി)ക്കെതിരെയും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇയാളുടെ പെരുമാറ്റം സംശയകരമായിരുന്നു എന്നും ജോലിയിൽ നിന്ന് മാറ്റിയ ഉടൻ തന്നെ ഇയാൾ റെജി ചെറിയാന്റെ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചെന്നും തോമസ് കെ തോമസ് പറഞ്ഞു. ഇയാൾ മദ്യപിച്ചശേഷം തന്റെ സ്റ്റാഫ് അംഗത്തെ വിളിച്ച ഫോൺ സംഭാഷണത്തിലാണ് ഗൂഢാലോചനയുടെ വിവരം പുറത്തുവന്നത്. എംഎൽഎയെ ലോറി ഇടിപ്പിച്ചുകൊല്ലുമെന്ന് എൻസിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്ന സന്തോഷ് കുമാറിനെ വിളിച്ചും ഇയാൾ ഭീഷണിപ്പെടുത്തി. മുൻകൂറായി അഞ്ചു ലക്ഷം രൂപ ഡ്രൈവർക്കു കൊടുത്തെന്നും ബാക്കി കൃത്യത്തിന് ശേഷം നൽകാമെന്ന് പറഞ്ഞതായും ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. പരാതി തുടർനടപടിക്കായി എഡിജിപി എം ആർ അജിത് കുമാറിന് ഡിജിപി കൈമാറി.