KERALA

ഏക സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാനാകില്ല, ബഹുജന മുന്നേറ്റം വേണമെന്ന് സമസ്ത

രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം തുടങ്ങും

വെബ് ഡെസ്ക്

ഏക സിവില്‍ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഏക സിവില്‍ കോഡിനോട് മുസ്ലീംങ്ങള്‍ക്കടക്കമുള്ള ഒരു മതവിഭാഗത്തിനും യോജിക്കാനാവില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവ മത നിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍ കോഡ് ഇതിന് എതിരാണ്. വിവാഹം പോലുള്ള വിഷയങ്ങളില്‍ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ലെന്ന ആശങ്കയുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്ന് സമസ്ത

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് യോജിക്കാന്‍ ആകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. സമസ്ത അതിന് നേതൃത്വം നല്‍കും. മറ്റു മത നേതാക്കളെയും സമീപിക്കും. ഏക സിവില്‍ കോഡിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുണ്ട്. നാസര്‍ ഫൈസിയുടെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇടതു പക്ഷം ഏക സിവില്‍ കോഡിനെ എതിര്‍ത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. എക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ജൂലൈ എട്ടിന് സമസ്തയുടെയും പോഷക സംഘടനകളുടെയും കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

എല്ലാ സുന്നികളും യോജിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍

സുന്നി ഐക്യമെന്ന ആശയത്തോട് സമസ്തയ്ക്ക് യോജിപ്പാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എല്ലാ സുന്നികളും യോജിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യത്തിന് ആരും കോടാലി വെക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. യോജിപ്പിന്റെ വശങ്ങള്‍ എന്താണ് എന്ന് ആലോചിക്കേണ്ടി വരും. ചെറിയ വിട്ടുവീഴ്ചകള്‍ ഒക്കെ ചെയ്യേണ്ടി വരും. സുന്നി ഐക്യം എന്നും അനിവാര്യമാണ്. ഐക്യത്തിന് സമസ്ത പരമാവധി വിട്ടുവീഴ്ചക്ക് തയ്യാറാണ്. മധ്യസ്ഥതക്ക് ആര്‍ക്കും മുന്‍കൈ എടുക്കാം. സാദിഖലി തങ്ങള്‍ക്കും മുന്‍ കൈ എടുക്കാം. പാണക്കാട് കുടുംബത്തെയും സമസ്തയെയും അകറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ പാണക്കാട് കുടുംബം എന്നും സമസ്തയ്‌ക്കൊപ്പമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സുന്നി ഐക്യം വേണമെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ