നെഹ്‌റു ട്രോഫി ജലോത്സവത്തിൽ പരാതികളുമായി വീയപുരവും നടുഭാഗവും. രണ്ടാം സ്ഥാനക്കാരായ വീയപുരം ചുണ്ടൻ ഫലം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ചുണ്ടനോട് വീയപുരം പരാജയപ്പെട്ടത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിപ്പിക്കാനുള്ള ശ്രമം നടന്നതായാണ് വീയപുരത്തിന്റെ ആരോപണം.
ഒടുവിൽ മൂന്നാം സ്ഥാനക്കാരായ നടുഭാഗവും പരാതിയുമായി രംഗത്തെത്തി. സ്റ്റാർട്ടിങ്ങിൽ പിഴവ് സംഭവിച്ചു എന്നതാണ് നടുഭാഗത്തിലിന്റെ ആരോപണം. തങ്ങൾ തയ്യാറയില്ല എന്ന് പങ്കായമുയർത്തി തങ്ങൾ സിഗ്നൽ നൽകിയിട്ടും സ്റ്റാർട്ടിങ് നൽകുകയായിരുന്നു എന്നാണ് നടുഭാഗത്തിന്റെ പരാതി. നടുഭാഗം ഉണ്ടായിരുന്ന നാലാം ട്രാക്കിനു സമീപം മറ്റൊരു ബോട്ടുണ്ടായതിനാൽ തങ്ങൾ തയ്യാറല്ല എന്ന് നടുഭാഗം തങ്ങളുടെ പങ്കായം ഉയർത്തി കാണിച്ചു. എന്നാൽ അത് പരിഗണിക്കാതെ സ്റ്റാർട്ടിങ് നൽകുകയായിരുന്നു എന്നാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരാതി.
ഒന്നാം സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വീയപുരം ചുണ്ടൻ ഫലപ്രഖ്യാപനത്തിനെതിരെ ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. ശേഷം ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. വള്ളം തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കൈനഗിരി ഇന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകി. അഞ്ച് മൈക്രോ സെക്കന്റിന്റെ ബലത്തിലാണെങ്കിലും കാരിച്ചാൽ ചുണ്ടനിലൂടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തങ്ങളുടെ അഞ്ചാമത്തെ നെഹ്‌റു ട്രോഫിയാണ് നേടിയത്. തുടർച്ചയായി അഞ്ച് തവണ നെഹ്‌റു ട്രോഫി നേടുന്ന ആദ്യടീമാണ് പള്ളാത്തുരുത്തി.
സാധാരണഗതിയിൽ മൈക്രോസെക്കന്റുകൾ പരിഗണിക്കാറില്ലെന്നും രണ്ടു ടീമിനെയും വിജയികളായി പ്രഖ്യാപിക്കണമെന്നുമാണ് വീയപുരത്തിന്റെ ആവശ്യം. ഫലപ്രഖ്യാപനത്തെ തുടർന്ന് പ്രതിഷേധവുമായി വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കൈനഗിരിയിലെ അംഗങ്ങൾ രാത്രി എട്ടുമണിവരെ വിഐപി പവലിയനിൽ പ്രതിഷേധവുമായി തുടരുന്ന സാഹചര്യവും ഇന്നലെ ഉണ്ടായി. ശേഷം പോലീസ് ഇവരെ ബലംപ്രയോഗിച്ച് ജങ്കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.