പുന്നമടക്കായലിനെ ആവേശത്തിലാഴ്ത്താൻ 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദക്ഷിണ എയർ കമാന്റിങ് ഇൻ ചീഫ് തുടങ്ങിയവും ജനപ്രതിനിധികളും പങ്കെടുക്കും.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്സുകളിൽ നാലുവീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
ഒൻപത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയിൽ മത്സരരംഗത്തുളളത്. ചുണ്ടൻ വിഭാഗത്തിൽ 19 വള്ളങ്ങള്‍ മത്സരത്തിനിറങ്ങും. ചുരുളൻ - 3, ഇരുട്ടുകുത്തി എ ഗ്രേഡ് -4, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -7, വെപ്പ് ബി ഗ്രേഡ് -4, തെക്കനോടി തറ -3, തെക്കനോടി കെട്ട് - 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
വള്ളംകളിയോടനുബന്ധിച്ച് രാവിലെ ഒൻപതുമണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരിച്ചും പ്രത്യേക സർവീസുകളുണ്ടാകും. ഇതിനുപുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
പാസുള്ളവർക്ക് മാത്രമാണ് വള്ളംകളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കരയിലേത് എന്ന പോലെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 50 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. വള്ളംകളിയോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി പുന്നമട ഭാഗം പൂർണമായും സിസിടിവി ക്യാമറാ നിരീക്ഷണത്തിലായിരിക്കും.