KERALA

ബ്രഹ്മപുരത്ത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കും; കൂട്ടായ പരിശ്രമം വേണമെന്ന് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്

ബ്രഹ്മപുരത്ത് പുക ശമിപ്പിക്കാന്‍ നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്

വെബ് ഡെസ്ക്

ബ്രഹ്മപുരത്തെ പുക അണയ്ക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് എറണാകുളം ജില്ലയുടെ പുതിയ കളക്ടർ എന്‍ എസ് കെ ഉമേഷ്. മാലിന്യ നിർമാർജനത്തിന് ദീർഘകാല അടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് സന്ദർശിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍, പി വി ശ്രീനിജിന്‍ എംഎല്‍എ തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. അഗ്നിരക്ഷാ സേന, കോര്‍പ്പറേഷന്‍, പോലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുസമൂഹം എന്നിവര്‍ ഒറ്റക്കെട്ടായി നിന്നാലേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നും കളക്ടര്‍ പറഞ്ഞു. എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും ബ്രഹ്മപുരത്ത് എത്തിച്ചിട്ടുള്ള മുഴുവന്‍ എസ്‌കവേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. എസ്‌കവേറ്ററുകളുടെ ഡ്രൈവര്‍മാരെ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കുന്നതിന് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്തിന്റെ സമീപ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും ചുമതലപ്പെടുത്തി.

അതേസമയം ബ്രഹ്മപുരത്ത് പുക ശമിപ്പിക്കാന്‍ നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോര്‍പ്പറേഷന്‍, ഫയര്‍, റവന്യൂ, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുയരുന്ന പുകയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പുകയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ചൊവ്വാഴ്ച മുതല്‍ പൂര്‍ണസജ്ജമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. 70 ശതമാനം സ്ഥലങ്ങളിലെ പുക അണച്ചു. പകല്‍ നടക്കുന്ന അതേ തീവ്രതയില്‍ രാത്രിയും പ്രവര്‍ത്തിക്കും. കാറ്റ് അനുകൂലമാകുന്നത് രാത്രിയാണ്. ജീവനക്കാര്‍ക്ക് ആവശ്യത്തിന് മാസ്‌കുകളും ലഭ്യമാക്കി. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ ആരോഗ്യവകുപ്പ് നടത്തും. ഓക്‌സിജന്‍ പാര്‍ലറിനും കണ്‍ട്രോള്‍ റൂമിനും പുറമേ സ്വകാര്യ ആംബുലന്‍സ് കൂടി സജ്ജമാക്കുമെന്നും മേയര്‍ അറിയിച്ചു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം