KERALA

പുതുവത്സരാഘോഷം: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ, തിരുവനന്തപുരത്ത് ആഘോഷങ്ങൾ 12.30 വരെ, കൊച്ചിയിൽ ഉച്ചമുതൽ നിയന്ത്രണങ്ങൾ

വെബ് ഡെസ്ക്

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും കൊച്ചിയിലും ഉള്‍പ്പെടെ വലിയ സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആഘോഷങ്ങള്‍ 12.30 ന് അവസാനിപ്പിക്കണമെന്നാണ് പോലീസ് നിര്‍ദേശം.

വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല

ആഘോഷ കേന്ദ്രങ്ങളില്‍ മഫ്തിയിലടക്കം നിരീക്ഷണമുണ്ടാകുമെന്ന് പോലീസ് കമ്മിഷണര്‍ അറിയിച്ചു. മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ അറസ്റ്റ് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ കടകള്‍ അടയ്ക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിട്ടില്ല. ഡിജെ പാര്‍ട്ടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

കൊച്ചിയിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഉച്ച മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വരും. വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല. ഏഴ് മണിക്ക് ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല. രാത്രി 12 മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടാകും. പ്രദേശത്ത് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ അപകട സാധ്യത പുര്‍ണമായി ഒഴിവാക്കാനാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

പുതുവത്സരാഘോഷങ്ങളുടെ സുരക്ഷയുടെ ഭാഗമായി എട്ട് മണിമുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കൊണ്ടുള്ള മലപ്പുറം അരീക്കോട് പോലീസിന്റെ സര്‍ക്കുലര്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റി. അഞ്ച് മണിയോടെ പടക്കകടകള്‍ പുട്ടണമെന്നും കൂള്‍ബാറും ഹോട്ടലും ഉള്‍പ്പെടെ എട്ട് മണിയോടെ അടയ്ക്കണം എന്നുമാണ് പോലീസിന്റെ നിര്‍ദേശങ്ങള്‍.

അതിനിടെ, ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതുവത്സരാശംസ നേര്‍ന്നു. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്‍ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നു'' എന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

മനുഷ്യനെ ധ്രുവീകരിക്കുന്ന എല്ലാത്തിനെയും ചെറുത്തു തോല്‍പ്പിച്ച് മാനവസ്‌നേഹവും സമത്വബോധവും ജനാധിപത്യ ചിന്തയും പുലരുന്നതാകട്ടെ പുതുവര്‍ഷമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആശംസിച്ചു. നാം ഓരോരുത്തരും താണ്ടിയ ദൂരങ്ങളത്രയും നമുക്കോരോരുത്തര്‍ക്കും പുതിയ കാല്‍വയ്പുകള്‍ക്കുള്ള ചുവടുറപ്പുകളാകട്ടെ. എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണവും സ്‌നേഹസമ്പുഷ്ടവുമായ ഒരു പുതുവത്സരം ആശംസിക്കുന്നു എന്നും എ എന്‍ ഷംസീര്‍ സന്ദേശത്തില്‍ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും