KERALA

ഗണേഷിന് 'സിനിമ'യില്ല; കൈയിലുള്ള വകുപ്പ് വിട്ടുകൊടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

വെബ് ഡെസ്ക്

മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നൽകില്ല, കിട്ടുക ഗതാഗത വകുപ്പ് മാത്രം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഗണേഷ് കുമാറിനെ അറിയിച്ചത്. സി പി എമ്മിന്റെ കയ്യിലുള്ള വകുപ്പ് നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മാത്രമാണ് ഗണേഷിനു ലഭിക്കുക

കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി തീരുമാനിക്കുന്ന വകുപ്പിന് പുറമേ, സിനിമ വകുപ്പുകൂടി വേണമെന്നായിരുന്നു പാർട്ടി ആവശ്യപ്പെട്ടത്. ഇതിനോടൊപ്പം, ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. മൂന്നാം തവണയാണ് ഗണേഷ് കുമാർ മന്ത്രിയാകുന്നത്. രാജ്ഭവനിൽ വൈകിട്ട് നാല് മണിക്കാണ് പുതിയ മന്ത്രിമാരായി ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യുക.

തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രിയായിട്ടാണ് വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിസഭയിലേക്കെത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേതു ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന അതെ ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്ക് നൽകുന്നത്

രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പങ്കെടുക്കാനായി ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രാത്രി തലസ്ഥാനത്തെത്തിയിരുന്നു. അതേസമയം, ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

ആദ്യം ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിട്ടാണ് ഗണേഷ് കുമാറിന്റെ തുടക്കം. രണ്ടാം തവണ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായിരുന്നു. പിന്നീട് എൽഡിഎഫിലെത്തിയപ്പോൾ ആദ്യം ഗണേഷ് കുമാറിന് എംഎൽഎയായി നിൽക്കേണ്ടിവന്നിരുന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് ഇപ്പോൾ മന്ത്രിയാകുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം