KERALA

മദ്യനയത്തില്‍ മാറ്റം: ചര്‍ച്ചകളെ വളച്ചൊടിച്ചു, വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് ചീഫ് സെക്രട്ടറി

വെബ് ഡെസ്ക്

സംസ്ഥാനത്തിന്റെ മദ്യനയത്തില്‍ മാറ്റം കൊണ്ടുവരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചകളെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ നുണപ്രചാരണം നടത്തുകയാണെന്നും അത് ഏറ്റുപിടിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

''സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗം ചര്‍ച്ച ചെയ്തിരുന്നു. വിശദമായ ചര്‍ച്ചകളും ആലോചനകളും ആവശ്യമാണെന്നും എല്ലാ സെക്രട്ടറിമാരും ആശയങ്ങള്‍ നിര്‍ദേശിക്കാനും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും രണ്ടു മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ കണ്ടെത്താനും ഈ യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ ചിലര്‍ തെറ്റായി വ്യഖ്യാനിക്കുകയാണ് ചെയ്യുന്നത്''- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് എല്ലാ മാസവും ഡ്രൈ ഡേ ആചരിക്കുമ്പോള്‍ വര്‍ഷത്തില്‍ 12 ദിവസം മദ്യവില്‍പ്പന ഇല്ല എന്നതിനപ്പുറം ടൂറിസം മേഖലയിലും മറ്റു മേഖലകളിലും സംഘടിപ്പിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ യോഗങ്ങള്‍, ഇന്‍സെന്റീവ് യാത്രകള്‍, കോണ്‍ഫറന്‍സുകള്‍, കണ്‍വന്‍ഷന്‍, എക്‌സിബിഷന്‍ തുടങ്ങിയ ബിസിനസ് സാധ്യതകള്‍ സംസ്ഥാനത്തിനു നഷ്ടപ്പെടുന്നു എന്ന വിഷയം ഉന്നയിക്കപ്പെട്ടു.

ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം എത്രയെന്നു വസ്തുനിഷ്ടമായി വിലയിരുത്തണമെന്നും ആവശ്യമായ ചര്‍ച്ചകള്‍ക്കു ശേഷം വിശദമായ കുറിപ്പ് സമര്‍പ്പിക്കണമെന്നും ടൂറിസം സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ടൂറിസം വ്യവസായ വികസനത്തെ സംബന്ധിച്ച് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു പരിശോധിച്ച ശേഷം കുറിപ്പ് സമര്‍പ്പിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചുിരുന്നു.

ടൂറിസം മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ചു സ്റ്റേക് ഹോള്‍ഡര്‍മാരുമായി ടൂറിസം ഡയറക്ടര്‍ സ്ഥിരമായി യോഗം ചേരാറുള്ളതാണ്. അവരുടെ അഭിപ്രായങ്ങള്‍ ലഭ്യമാക്കി അവ പരിശോധിക്കുന്നതും അതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും പതിവായി നടക്കുന്ന കാര്യമാണ്. അതിനെ ദുരുദ്ദേശപരമായി വ്യാഖ്യാനിച്ചു സംസ്ഥാനത്തിന്റെ മദ്യനയം മാറ്റാന്‍ പോകുന്നുവെന്ന തരത്തില്‍ ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും