KERALA

കൈവെട്ട് കേസ്: എൻഐഎ കോടതി നാളെ രണ്ടാംഘട്ട വിധി പറയും

രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കർ വിധിക്കും

നിയമകാര്യ ലേഖിക

ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ കോടതി നാളെ രണ്ടാംഘട്ട വിധിപറയും. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കർ വിധിക്കുന്നത്. മുഖ്യപ്രതി എം കെ നാസർ ഉൾപ്പെടെയുള്ളവരുടെ വിചാരണയാണ് പൂർത്തിയാക്കിയിട്ടുള്ളത്.

തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രതികൾ സംഘം ചേർന്ന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയെന്നാണ് കേസ്

ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ആക്രമണം ആസൂത്രണം ചെയ്തെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന കുഞ്ഞുണ്ണിക്കര എം കെ നാസർ, നേരത്തെ ഒളിവിലായിരുന്നു. ഇവരെ കൂടാതെ അസീസ് ഓടക്കാലി, ഷഫീഖ്, നജീബ്, മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്‌, മൻസൂർ, മൊയ്തീൻ കുഞ്ഞ്, അയ്യൂബ്, സജൽ എന്നീ പ്രതികളാണ് രണ്ടാംഘട്ടത്തിൽ വിചാരണ നേരിട്ടത്. മുഖ്യപ്രതികളിൽ ഒരാളായ അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്.

2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷാ ചോദ്യപേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രതികൾ സംഘം ചേർന്ന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയെന്നാണ് കേസ്. ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ്, 2011 മാർച്ച് 9നാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന്‌ ആദ്യഘട്ട വിധിപറഞ്ഞു. പിന്നീട് അറസ്റ്റിലായ 11 പ്രതികളുടെ ശിക്ഷയാണ് നാളെ വിധിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ