പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ എറണാകുളത്തെ പ്രത്യേക എൻഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി . എൻഐഎ അന്വേഷിക്കുന്ന കേസിൽ നേരത്തെ അലൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം പാലയാട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമടം പോലീസ് കേസെടുത്തു.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫെയ്സ്ബുക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്നായിരുന്നു എൻഐഎ വാദം
മറ്റു കേസുകളിൽ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസിൽ കോടതി ജാമ്യം അനുവദിച്ചതെന്നും ധർമടം പോലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും പോലീസ് തന്നെ കോടതിക്ക് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയന്നയിച്ചത്. റോണാ വിൽസൺ, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫെയ്സ്ബുക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്നും എൻഐഎ വാദിച്ചു. അലന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ മറ്റ് ഇടപെടലുകളും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ മറ്റ് കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുത് എന്നതായിരുന്നു യുഎപിഎ കേസില്‍ അലനുള്ള ജാമ്യ വ്യവസ്ഥകളില്‍ ഒന്ന്. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഫെയ്സ്ബുക്ക് പോസ്‌റ്റെന്ന എൻഐഎയുടെ വാദം കോടതി തള്ളി. 2019 നവംബർ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളുമായി അലനും സുഹൃത്ത് താഹയും പിടിയിലായത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലും പോലീസ് രേഖകൾ കണ്ടെടുത്തിരുന്നു. തുടർന്ന് 2019 ഡിസംബർ 18 ന് അന്വേഷണം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.
ഇന്ന് വിചാരണയുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേൾപ്പിക്കണ്ട നടപടികൾക്കായി കോടതി കേസ് മാറ്റിയിരുന്നു. എന്നാൽ വിയ്യൂർ ജയിലിലുള്ള പ്രതികളായ ഉസ്മാനെയും വിജിത്തിനേയും ഇന്ന് കോടതിയിൽ ഹാജരാക്കിയില്ല. തുടർന്ന് വിചാരണ നടപടികൾക്കായി കേസ് മാർച്ച് ഏഴിലേക്ക് മാറ്റി.