വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിഖിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം നൽകിയത്.
കഴിഞ്ഞ മാസം 27 ന് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ടിസിയുമടക്കമുള്ളവ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസിന് ലഭിച്ചിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതിയും എസ്എഫ്‍ഐ കായംകുളം ഏരിയാ പ്രസിഡന്റുമായിരുന്ന അബിൻ സി രാജിനെയും പോലീസ് അറസ്റ്റ് ചെയ്തു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഓറിയോൺ ഏജൻസിയിൽ നിന്നാണെന്നും സർട്ടിഫിക്കറ്റിനായി നിഖിലിൽ നിന്ന് പണം കൈപ്പറ്റിയെന്നും അബിൻ രാജ് പോലീസിന് മൊഴി നൽകിയിരുന്നു.
ഇരുവരുടെയും മൊഴിയിൽ പരാമർശിച്ച ഓറിയോൺ എന്ന ഏജൻസി നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും വിസാ തട്ടിപ്പിൽ പ്രതിയായ സ്ഥാപനമുടമ ഒളിവിലാണെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനിടെയാണ് താൻ നിരപരാധിയാണെന്നും അബിൻ രാജാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടി നിഖിൽ ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐ കായംകുളം മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു നിഖില്‍ തോമസ്.
നിഖിൽ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകാലാശാല വിസിയും സ്ഥിരീകരിച്ചിരുന്നു. കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം വിദ്യാർഥിയായ നിഖില്‍ തോമസ് എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു പരാതി.
പ്രശ്നം വിവാദമായതിന് പിന്നാലെ സിപിഎമ്മും എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ കായംകുളം എംഎസ്എം കോളേജും നിഖിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിഖില്‍ പാര്‍ട്ടിയോട് ചെയ്തത് കൊടുംചതിയാണെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. നിഖില്‍ തോമസിനെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ സഹായിച്ചാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു.