KERALA

വധശിക്ഷകാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലേക്ക്, ശനിയാഴ്ച യാത്ര തിരിക്കും

യെമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോമാണ് കൂടെപ്പോകുന്നത്

വെബ് ഡെസ്ക്

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനം ലക്ഷ്യമിട്ട് അമ്മ പ്രേമകുമാരി യെമനിലേക്ക് പോകും. തമിഴ്നാട് സ്വദേശി സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് യാത്രതിരിക്കുന്നത്.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ നിലവിലുള്ളത്.

പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. പ്രേമകുമാരിയുടെ യാത്രയ്ക്കായുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിനു കോടതി നിർദേശം നൽകിയിരുന്നു. മകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ അതിനായി യെമനിലേക്ക് പോകുമ്പോൾ എന്തിനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുന്നതെന്നായിരുന്ന ചോദ്യം കോടതി ഉയർത്തിയിരുന്നു.

യെമനിൽ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോമിന്റെയും മറ്റു രണ്ട് മലയാളികളുടെയും വിവരങ്ങൾ പ്രേമകുമാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.

വധശിക്ഷയ്‌ക്കെതിരായ നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് യെമൻ പ്രസിഡന്റിന് ദയാഹർജി നൽകാൻ പോകാൻ പ്രേമകുമാരി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. എന്നാൽ നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാനുള്ള അമ്മയുടെ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. യെമനിലെ സാഹചര്യങ്ങൾ ഗുരുതരമായതിനാലും ഇന്ത്യയും യെമനും തമ്മിലുള്ള നയതന്ത്രബന്ധം സുഖകരമല്ലാത്തതിനാലും സുരക്ഷ ഒരുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം