KERALA

'കണ്ടയുടനെ അവൾ ഓടിവന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു'; മകളെ കണ്ട വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് നിമിഷപ്രിയയുടെ അമ്മ

വെബ് ഡെസ്ക്

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കണ്ട വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് അമ്മ പ്രേമകുമാരി. മകളെ കാണാൻ അനുവദിച്ച യെമൻ ഭരണകൂടത്തിനു പ്രേമകുമാരി നന്ദി അറിയിച്ചു. നിമിഷപ്രിയയെ സന്ദർശിച്ചശേഷം പങ്കിട്ട വീഡിയോ സന്ദേശത്തിലായിരുന്നു പ്രേമകുമാരിയുടെ പ്രതികരണം. പന്ത്രണ്ട് വർഷത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഇരുവരും നേരിൽ കാണുന്നത്.

മകളെ കാണാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കണ്ട ഉടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നുവെന്നും പ്രേമകുമാരി പറഞ്ഞു. "എന്റെ മോളേയെന്ന് വിളിച്ച് ഞാൻ അങ്ങ് പൊട്ടിക്കരഞ്ഞുപോയി. മമ്മി കരയരുതെന്നു പറഞ്ഞ് അവളും കരഞ്ഞു. കല്യാണം കഴിച്ച് കൊടുത്തശേഷം ഞാൻ ഇന്നാണ് അവളെ കാണുന്നത്. യെമനിന്റെ കരുണ കൊണ്ടും ദൈവകൃപകൊണ്ടും അവൾ സുഖമായിരിക്കുന്നു,''പ്രേമകുമാരി പറഞ്ഞു.

യെമൻ പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കു 12.30 നായിരുന്നു കൂടിക്കാഴ്ച. വൈകിട്ട് അഞ്ചുമണിവരെ ജയിലിനുള്ളിൽ മക്കളുമൊത്ത് സമയം ചെലവഴിക്കാൻ കഴിഞ്ഞു.

"അവിടെ നിമിഷപ്രിയ സുഖമായി കഴിയുന്നു. പല പ്രായത്തിലുള്ള ഒരുപാട് സ്ത്രീകൾ ജയിലിലുണ്ട്. അവർക്കെല്ലാം നിമിഷ പ്രിയപ്പെട്ടവളാണ്. നിമിഷയുടെ അമ്മയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരെല്ലാം വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ തരുകയുമൊക്കെ ചെയ്തു,'' പ്രേമകുമാരി പറഞ്ഞു.

ഉച്ചഭക്ഷണവും കഴിച്ച് ഏറെനേരം ജയിലിലെ പ്രത്യേക മുറിയിൽ ചെലവിട്ടശേഷമാണ് ഇരുവരും പിരിഞ്ഞത്. മനുഷ്യാവകാശ പ്രവർത്തകനും തമിഴ്‌നാട് സ്വദേശിയുമായ സാമുവൽ ജെറോമിനുമൊപ്പമായിരുന്നു പ്രേമകുമാരി ജയിലിലെത്തിയത്.

ഏപ്രിൽ ഇരുപത്തിനാണ് കൊച്ചിയിൽനിന്ന് യെമനിലെ ഏദനിലേക്ക് പ്രേമകുമാരി യാത്ര തിരിച്ചത്. യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ തിങ്കളാഴ്ച രാവിലെ ഒൻപതോടെയെത്തി. ബുധനാഴ്ചയാണ് നിമിഷപ്രിയയെ കാണാനുള്ള അനുമതി ലഭിച്ചത്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം അവർക്കൊപ്പമാണ് ജയിലിലെത്തിയത്. തർക്കത്തെത്തുടർന്ന് തലാൽ അബ്ദുൾ മഹ്ദിയെന്ന യെമനി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ ലഭിച്ചത്. 2018-ലാണ് യെമെൻ കോടതി ശിക്ഷ വിധിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും