KERALA

ആശ്വാസം; 11 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

ദ ഫോർത്ത് - കോഴിക്കോട്

ഇന്നലെ നിപ പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകളും നെഗറ്റീവ്. ആരോഗ്യപ്രവർത്തകരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 30 ആരോഗ്യ പ്രവർത്തകരുടെ സാംപിൾ ഇന്ന് പൂനെയ്ക്ക് അയയ്ക്കും. നടപടികൾ പൂർത്തിയായി.

കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. എന്‍ഐവി പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെഎംഎസ്സിഎല്‍ന് നിര്‍ദേശം നല്‍കി.

നിപ സര്‍വയലന്‍സിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്‌സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.

എക്‌സ്‌പേര്‍ട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.

മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് അവലോകന യോഗം ചേര്‍ന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര സംഘവും സന്ദര്‍ശനം നടത്തി വരുന്നു. കേന്ദ്രസംഘം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

സെപ്റ്റംബർ 13ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു.

റൂട്ട് മാപ്പിലെ വിവരങ്ങള്‍:

സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു. സെപ്റ്റംബർ ആറിന് വൈകിട്ട് ഏഴരക്ക് ഐസൊലേഷൻ ഏരിയയിൽ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും പോയിട്ടുണ്ട്. സെപ്റ്റംബർ ഏഴിന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കൻഡ് ഫാർമസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദർശിച്ചു. സെപ്റ്റംബർ എട്ടിന് രാത്രി എട്ട് മണിക്ക് ജനറൽ ഒ പിയിലും എട്ടരയ്ക്ക് ഇ ഡി ഫാർമസിയിലും സന്ദർശിച്ചിട്ടുണ്ട്. സെപ്റ്റംബർ പത്തിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബർ 11ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദർശിച്ചിട്ടുണ്ട്.

സെപ്റ്റംബർ ആറിന് വൈകിട്ട് 7.30 നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് 7.30നും ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് 7.30 നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് 7.30 നും 11ന് ഉച്ചയ്ക്ക് 1.30നും ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സിൽ സന്ദർശനം നടത്തി. സെപ്റ്റംബർ ഏഴിന് വൈകിട്ട് നാല്‌ മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല്‌ മണി മുതൽ 4.30 വരെ, ഒമ്പതിന് രാവിലെ 9 30 നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദർശിച്ചു.

സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ടും സന്ദർശിച്ചു. സെപ്റ്റംബർ 11ന് ഇഖ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവർത്തകൻ സന്ദർശനം നടത്തിയിട്ടുണ്ട്.

ആഗസ്റ്റ് 29ന് പുലർച്ചെ 2.15 മുതൽ 3.45 വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ സന്ദർശനം നടത്തിയിട്ടുള്ളവർ ഗസ്റ്റ് ഹൗസിൽ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകൾ : 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും