സ്‌കൂളിൽ കുട്ടികൾക്ക് നൽകുന്ന ഇൻ്റർവെൽ സമയം കൂട്ടണമെന്ന് നടന്‍ നിവിൻ പോളി. വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് നിവിൻ ഈ കാര്യം ആവശ്യപ്പെട്ടതെന്നും വിഷയം പരിഗണിക്കാമെന്ന് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം... 'കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു.'
അതേസമയം നിവിൻ പോളി ചിത്രമായ രാമചന്ദ്രബോസ്സ് & കോയ്ക്ക് തീയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനോ ആകാംഷ ജനിപ്പിക്കാനോ ബോസ്സ് & കോയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം. സാറ്റർഡെ നൈറ്റിൽ ഉണ്ടായ അതേ നിരാശ തന്നെയാണ് ബോസ്സ് & കോയിലും പ്രേക്ഷർക്ക് കിട്ടിയിരിക്കുന്നത്. കരുതിയതിന്റെ പകുതിപോലും ത്രില്ലടിപ്പിക്കാൻ സിനിമയ്ക്ക് ആവുന്നില്ല എന്നാണ് പ്രേക്ഷക അഭിപ്രായം.