ബ്രഹ്മപുരം മാലിന്യ പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പേരെടുത്ത് വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മണ്ഡലത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നായിരുന്നു ടിജെ വിനോദ്, റോജി എം ജോണ്‍, സിആര്‍ മഹേഷ് എന്നിവരോടായി സ്പീക്കര്‍ നടത്തിയ പരാമര്‍ശം. ഇതിനിടയിലും പ്രതിഷേധം തുടര്‍ന്ന ഷാഫി പറമ്പിലിനോട് അടുത്ത തവണ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ തോല്‍ക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. നിയമസഭ നടപടികള്‍ ബഹിഷ്ക്കരിച്ച പ്രതിപക്ഷം പിന്നീട് പുറത്തേക്കിറങ്ങി.
ബ്രഹ്മപുരം മാലിന്യ പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരായ പൊലീസ് നടപടി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് സഭ ബഹളമയമായത്. അങ്കമാലി എംഎല്‍എ റോജി എം ജോണാണ് അവതരാണാനുമതി തേടി നോട്ടീസ് നല്‍കിയത്. ഇന്നലെ വിഷയം അടിയന്തരപ്രമേയമായി പരിഗണിച്ചതിനാല്‍ ഇന്ന് അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ആവശ്യമെങ്കില്‍ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചു.
ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ വരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഗൗരവം ഉള്ള വിഷയമാണിത്, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാൽ ആണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു.
മറ്റ് സഭാ അംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ പറ്റാത്ത തരത്തില്‍ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇത് ചോദ്യം ചെയ്ത സ്പീക്കര്‍, പ്രതിപക്ഷ അംഗങ്ങളെ പേരെടുത്ത് വിളിച്ച് വിമര്‍ശിക്കുകയായിരുന്നു.