സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നാളെ ഉച്ചക്ക് മാസ്കോട്ട് ഹോട്ടലിലാണ് സർക്കാരിന്റെ ക്രിസ്മസ് വിരുന്ന്. ഗവർണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. സർക്കാരിന്റെ ഓണാഘോഷ പരിപാടിക്കും ഗവർണറെ ക്ഷണിച്ചിരുന്നില്ല. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ നേതാക്കൾ മതമേലധ്യക്ഷന്മാർ എന്നിവര്‍ക്ക് സർക്കാരിന്റെ വിരുന്നിൽ ക്ഷണമുണ്ട്.
നേരത്തെ രാജ്ഭവനൊരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഗവർണർ തുടർച്ചയായി സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. ഓണം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണർ നീരസം അറിയിച്ചിരുന്നു.
അതേസമയം രാജ്ഭവനിലെ ക്രിസ്മസ് വിരുന്നില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുത്തിരുന്നു. സര്‍ക്കാരും പ്രതിപക്ഷവും വിട്ടുനില്‍ക്കുമ്പോഴാണ് ചീഫ് സെക്രട്ടറി വി പി ജോയ്, ഡിജിപി അനില്‍കാന്ത് എന്നിവര്‍ ഗവര്‍ണര്‍ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും കൃഷിവകുപ്പ് സെക്രട്ടറി ബി അശോകും വിരുന്നില്‍ പങ്കെടുത്തിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തുറന്ന പോര് നടക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ നിന്നും വിട്ടുനിന്നത്. ഗവര്‍ണറുമായുള്ള തുറന്ന പോര് ഒരു വിരുന്നില്‍ മയപ്പെടുത്തേണ്ടതില്ലെന്ന് തന്നെയാണ് സര്‍ക്കാന്‍ നല്‍കുന്ന സൂചന.